മുസ്‌ലീങ്ങള്‍ ഹിന്ദുക്കളുടെ ഭൂമി വാങ്ങരുത്' ; മുസ്‌ലീങ്ങള്‍ക്കെതിരെ നിയമവുമായി സൂറത്തിലെ ബി.ജെ.പി എം.എല്‍.എ
Daily News
മുസ്‌ലീങ്ങള്‍ ഹിന്ദുക്കളുടെ ഭൂമി വാങ്ങരുത്' ; മുസ്‌ലീങ്ങള്‍ക്കെതിരെ നിയമവുമായി സൂറത്തിലെ ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st August 2017, 9:43 am

സൂറത്ത്: സൂറത്തിലെ ലിംബായാത്ത് മണ്ഡലം ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ടിന് കീഴില്‍ വരുത്താന്‍ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എയുടെ നീക്കം.

ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് വകകള്‍ മുസ്‌ലീങ്ങള്‍ സ്വന്തമാക്കാതിരിക്കാനാണ് പ്രദേശത്തെ ഡിസ്റ്റേര്‍ബ്ഡ് ഏരിയാ ആക്ടിന് കീഴില്‍ കൊണ്ടുവരുന്നതെന്ന് ബി.ജെ.പി എം.എല്‍.എയായ സംഗീതാ പാട്ടീല്‍ പറയുന്നു.

ആക്ട് ചുമത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ക്ക് കത്തയച്ചതായും വിഷയുമായി ബന്ധപ്പെട്ട് സൂറത്തിലെ ഹിന്ദുവിഭാഗക്കാര്‍ നിരവധി തവണ സമീപിച്ചിരുന്നെന്നും അതുകൊണ്ടാണ് ഇത്തരമൊരു നടപടിക്ക് തയ്യാറെടുത്തതെന്നും സംഗീത പറയുന്നു.


Dont Miss ഒരു പാസ്‌പോര്‍ട്ടിനായി കരിപ്പൂരില്‍ വിമാനം നിര്‍ത്തിയിട്ടത് ഒരുമണിക്കൂറിലേറെ: പാസ്‌പോര്‍ട്ട് ഉണ്ടാക്കിയ പുകില്‍ ഇങ്ങനെ


ഡിസ്‌റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട് നിലവില്‍ വന്നാല്‍ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു മതവിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് മറ്റൊരു സമുദായത്തിലെ അംഗത്തിന് സ്വത്ത് വില്‍ക്കാന്‍ കഴിയില്ല.

സൂറത്തിലെ ലിംബായത്ത് മണ്ഡലത്തിലെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി മുസ്‌ലീം വിഭാഗക്കാര്‍ സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നു എന്നും അതുകൊണ്ടാണ് ഇത്തരമൊരു നടപടിക്ക് മുതിരുന്നതെന്നുമാണ് സംഗീതാപാട്ടീലിന്റെ ന്യായവാദം.

ഒരിക്കല്‍ ലിംബയാട്ട് ഹിന്ദു പ്രദേശമായിരുന്നു. ഇപ്പോള്‍ ഗോവിന്ദ് നഗര്‍, ഭാരതി നഗര്‍, മദന്‍പുറ, ഭാവ്‌ന പാര്‍ക്ക് തുടങ്ങിയ ഹിന്ദുക്കള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളെല്ലാം മുസ്‌ലീങ്ങള്‍ കൈവശപ്പെടുത്തി. അവര്‍ക്ക് അവിടെ എളുപ്പത്തില്‍ വീട് ലഭിക്കുന്നില്ലെങ്കില്‍ അവര്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയും വീടും സ്ഥലവും വില്‍ക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുകയാണെന്നും സംഗീത പാട്ടില്‍ ആരോപിക്കുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഹൈന്ദവരുടെ ഭൂമി സ്വന്തമാക്കുന്നതിന് മുസ്‌ലീങ്ങള്‍ വിവിധ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്തുവിലകൊടുത്തും ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ഹിന്ദു മേഖലകളിലേക്ക് അവര്‍ വ്യാപിക്കുന്നതില്‍ നിന്നും അവരെ തടയാന്‍ ഡിസ്റ്റേര്‍ബ്ഡ് ഏരിയാ ആക്ട് നിര്‍ബന്ധിതമാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്- സംഗീത പാട്ടില്‍ പറയുന്നു.

അതേസമയം ഭരണപരാജയം മറക്കാനും സൂറത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനും വേണ്ടി വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് സൂറത്തിലെ കോണ്‍ഗ്രസ് നേതാവ് അസ്‌ലം സിസ്ലേവാല പറയുന്നു. ഇതുവരെ അങ്ങനെയൊരു പ്രശ്‌നമേ ഇവിടെ ഉണ്ടായിട്ടില്ല. മുസ്‌ലീങ്ങള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇത്ര കാലമായും എം.എല്‍.എ പൊലീസിനെ വിവരമറിയിച്ചില്ല. എന്തുകൊണ്ട് ഇത്തരമൊരു വിഷയം നിയമസഭയില്‍ അറിയിച്ചില്ലെന്നും ഇദ്ദേഹം ചോദിക്കുന്നു.