കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്നുള്ള ആരും മത്സരരംഗത്തേക്കിറങ്ങില്ലെന്നും അതോര്‍ത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി ഭയപ്പെടേണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് 2021ലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘മമത ബാനര്‍ജി ഭയപ്പെടേണ്ടതില്ല. പശ്ചിമ ബംഗാളില്‍ ഗുജറാത്തില്‍ നിന്നുള്ള ആരും മത്സരിക്കില്ല. ഞങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രമാണ് ബംഗാളില്‍ വരുന്നത്. ബംഗാളി സ്വദേശികള്‍ മാത്രമേ മത്സരിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയുള്ളൂ’. അമിത് ഷാ പറഞ്ഞു.
നേരത്തെ അമിത് ഷായ്ക്ക് നേരെ പുതിയ വെല്ലുവിളിയുമായി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷായുടെ മറുപടി.
അമിത് ഷായ്ക്ക് ധൈര്യമുണ്ടെങ്കില്‍ നന്ദിഗ്രാമില്‍ തന്നോടൊപ്പം മത്സരിക്കൂ എന്നായിരുന്നു മമതയുടെ വെല്ലുവിളി.
‘നന്ദിഗ്രാമില്‍ തനിക്കെതിരെ പോരാടാന്‍ അമിത് ഷായ്ക്ക് കഴിയുമോ എന്ന് ചോദിക്ക്’, മമത പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് തൃണമൂലിനെ കാത്തിരിക്കുന്നതെന്നും തനിക്ക് അക്കാര്യത്തില്‍ 110 ശതമാനം ഉറപ്പുണ്ടെന്നും മമത പറഞ്ഞു.
എനിക്ക് 110 ശതമാനം ഉറപ്പുണ്ട്. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. 221 സീറ്റുകളില്‍ കൂടുതല്‍ തൃണമൂല്‍ നേടിയിരിക്കും, മമത വ്യക്തമാക്കി.
അതേസമയം വിദ്വേഷം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ഇതുപോലൊരു പാര്‍ട്ടിയെ മുമ്പ് കണ്ടിട്ടില്ലെന്ന് മമത പറഞ്ഞു.
‘ഞാന്‍ ബി.ജെ.പിക്കെതിരെയും, അവരുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും പോരാടുകയാണ്. ഒരുപാട് സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്. ഇത്തരമൊരു വിദ്വേഷ സര്‍ക്കാരിനെ ജീവിതത്തില്‍ കണ്ടിട്ടില്ല’, മമത പറഞ്ഞു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ശക്തമായ പ്രകടനമാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളില്‍ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.
എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക