അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടുകള്‍ ആം ആദ്മിയെ ദേശീയ പാര്‍ട്ടിയാക്കുമെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ദേശീയ രാഷ്ട്രീയത്തില്‍ ആദ്യമായാണ് വിദ്യാഭ്യാസ-ആരോഗ്യ പ്രശ്‌നങ്ങള്‍ ഇടംപിടിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലെ വോട്ട് കൊണ്ട് ദേശീയ പാര്‍ട്ടിയായി മാറുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ആദ്യമായാണ് വിദ്യാഭ്യാസ-ആരോഗ്യ പ്രശ്‌നങ്ങള്‍ ഇടംപിടിക്കുന്നത്,’ സിസോദിയ ട്വീറ്റ് ചെയ്തു.
गुजरात की जनता के वोट से आम आदमी पार्टी आज राष्ट्रीय पार्टी बन रही है.
शिक्षा और स्वास्थ्य की राजनीति पहली बार राष्ट्रीय राजनीति में पहचान बना रही है.
182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ത്രികോണ മത്സരത്തിന് കോപ്പുകൂട്ടി സംസ്ഥാനത്തെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് മത്സരഫലങ്ങള്‍ വരുമ്പോള്‍ ആറ് സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്.
അതേസമയം, കഴിഞ്ഞ ദിവസം ബി.ജെ.പിയെ പരാജയപ്പെടുത്തി ആം ആദ്മി പാര്‍ട്ടി ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വിജയം നേടിയിരുന്നു. 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷം നേടിയത്.
അന്തിമഫലം പുറത്തുവന്നപ്പോള്‍ 104 സീറ്റുകളിലാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. കോണ്‍ഗ്രസ് എട്ട് സീറ്റിലൊതുങ്ങി. 42.05 ശതമാനം വോട്ടാണ് ഭരണമുറപ്പിച്ച ആം ആദ്മി പാര്‍ട്ടി നേടിയത്. ബി.ജെ.പി 39.09 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ 11.68 ശതമാനത്തില്‍ ഒതുങ്ങി.
15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആം ആദ്മിയുടെ ഭരണത്തിന് കീഴില്‍വരുന്നത്. 2015ല്‍ 70ല്‍ 67 സീറ്റും നേടി എ.എ.പി ഭരണം പിടിച്ചപ്പോഴും അതുകഴിഞ്ഞുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി വിജയിച്ചിരുന്നു.
അതേസമയം, ഗുജറാത്തില്‍ ബി.ജെ.പി റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. 155 സീറ്റിലാണ് ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നത്.
17 സീറ്റില്‍ മാത്രമാണ് ഇതുവരെ കോണ്‍ഗ്രസിന് ലീഡ് നിലനിര്‍ത്താനായത്. ബി.ജെ.പി മുന്നില്‍ നില്‍ക്കുന്ന മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് ബഹൂദൂരം പിന്നിലാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.
ഗുജറാത്തില്‍ അപരാജിത മുന്നേറ്റത്തിലേക്ക് നീങ്ങുന്ന ബി.ജെ.പിക്ക് വെല്ലുവിളിയാകാന്‍ പോലും കോണ്‍ഗ്രസിനോ ആം ആദ്മി പാര്‍ട്ടിക്കോ സാധിച്ചിട്ടില്ലെന്നാണ് വന്നുകൊണ്ടിരിക്കുന്ന മത്സര ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
തൂക്കുപാലം തകര്‍ന്ന് 130 പേര്‍ കൊല്ലപ്പെട്ട ദുരന്തമുണ്ടായ മോര്‍ബിയിലെ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പിയാണ് നിലവില്‍ മുന്നിലുള്ളത്.
ഇതോടെ തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ അധികാരത്തിലേറാനിരിക്കുന്നത്. 1995 മുതല്‍ ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്.
അതേസമയം, 1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 149 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 16 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നത്. അന്ന് ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.
അതിനിടെ, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് പറഞ്ഞു.
ഗുജറാത്തില്‍ ചില മേഖലകളില്‍ തിരിച്ചടിയുണ്ടായതാണ്, എന്നാല്‍ ഇക്കാരണത്താല്‍ കോണ്‍ഗ്രസ് തകര്‍ന്നുവെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുകുള്‍ വാസ്‌നിക്.
Content Highlight: Gujaratis will make the Aam Aadmi Party a national party: manish sisodia