Sports News
ഇത് ഗുജറാത്തിന്റെ 'നാട്ടു നാട്ടു'; ചുവടുവെച്ച് ശുഭ്മന്‍ ഗില്ലും റാഷിദ് ഖാനും; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 02, 08:29 am
Sunday, 2nd April 2023, 1:59 pm

ഓസ്‌കാറും കീഴടക്കിയ കീരവാണിയുടെ നാട്ടു നാട്ടു തരംഗം ക്രിക്കറ്റിലും പടര്‍ന്ന് പിടിച്ചിരിക്കുന്നു. വിരാട് കോഹ്‌ലിക്ക് ശേഷം പാട്ടിന് ചുവടുവെച്ച് എത്തിയിരിക്കുകയാണ് നിലവിലെ ഐ.പി.എല്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്.

ടൈറ്റന്‍സ് സ്റ്റാര്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്ലും സ്റ്റാര്‍ ബൗളര്‍ റാഷിദ് ഖാനുമൊപ്പം വിജയ് ശങ്കറും ചേര്‍ന്നാണ് കീരവാണി മാജിക്കിന് ചുവടുവെച്ചിരിക്കുന്നത്. ഒരു പരസ്യ ചിത്രീകരണത്തിന്റെ സെറ്റില്‍ വെച്ച് മൂവരും പാട്ടിന് ഡാന്‍സ് കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

ഇതോടെ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. വീഡിയോ വ്യാപകമായി ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ഇത്തവണ ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കാനായതിന്റെ ആവേശത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ്. മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയതാണ് ഗുജറാത്തിന് വിജയം സാധ്യമാക്കിയത്. റിതു രാജ് ഗെയ്ക്‌വാദിന്റെ വെടിക്കെട്ടിലൂടെ കൂറ്റന്‍ സ്‌കോര്‍ സ്വപ്‌നം കണ്ട ചെന്നൈയെ 178 റണ്‍സിലൊതുക്കാനായതാണ് ഗുജറാത്തിന് വിജയം സാധ്യമാക്കിയത്.

മറുപടി ബാറ്റിങ്ങില്‍ ശുഭ്മന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ അവസാന ഓവറിന്റെ രണ്ടാം പന്തില്‍ ടൈറ്റന്‍സ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ബൗളിങ്ങിലും ബാറ്റിങ്ങിലും മികവ് പുലര്‍ത്തിയ റാഷിദ് ഖാന്റെ പ്രകടനവും വലിയ രീതിയില്‍ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

അതിനിടെ ഇന്ന് നടക്കുന്ന ഐ.പി.എല്ലിന്റെ മൂന്നാം ദിനത്തില്‍ രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മാച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെയും നേരിടും.

Content Highlight: gujarath titans player dance on naatu naatu