| Monday, 15th May 2023, 11:52 pm

ജയത്തോടെ ഗുജറാത്ത് പ്ലേ ഓഫില്‍; സെഞ്ച്വറി നേട്ടത്തിനൊപ്പം ചരിത്രത്തിലിടം പിടിച്ച് വെടിച്ചില്ല് ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഒരു ടീമിനായി ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സെടുക്കുന്ന മൂന്നാമത്തെ ബാറ്ററായി മാറി ഗുജറാത്തിന്റെ വെടിക്കെട്ട് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. വെറും 29 മത്സരങ്ങളില്‍ നിന്നാണ് താരം ആയിരം റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 58 പന്തുകളില്‍ നിന്ന് 13 ഫോറുകളും ഒരു സിക്‌സറും സഹിതമാണ് ഗില്‍ 101 റണ്‍സ് നേടിയത്. 174.14 ശരാശരിയിലാണ് താരം ഇന്ന് ബാറ്റ് വീശിയത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ആദ്യമായി ആയിരം റണ്‍സ് തികക്കുന്ന താരമെന്ന ബഹുമതിയും ഗില്‍ സ്വന്തമാക്കി. സീസണില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനും ഗുജറാത്ത് ഓപ്പണര്‍ക്കായി.

എന്നാല്‍, ഗില്ലിനേക്കാളും വേഗത്തില്‍ ഐ.പി.എല്ലില്‍ ആയിരം റണ്‍സ് അടിച്ചെടുത്ത മറ്റു രണ്ടു വല്ല്യേട്ടന്മര്‍ കൂടിയുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 28 മത്സരങ്ങളില്‍ നിന്ന് ആയിരം റണ്‍സ് വാരിയ റോബിന്‍ ഉത്തപ്പയാണ് ഈ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ളത്.

അതേസമയം, വെറും 23 മത്സരങ്ങളില്‍ നിന്നായി പഞ്ചാബ് സൂപ്പര്‍ കിങ്‌സിന് വേണ്ടി ആയിരം റണ്‍സ് വാരിക്കൂട്ടിയ കെ.എല്‍ രാഹുലാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്.

ഐ.പി.എല്ലിലെ 62ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് തോല്‍പ്പിച്ച് പ്ലേ ഓഫിന് യോഗ്യത നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 188 റണ്‍സെടുത്തു. 36 പന്തില്‍ 47 റണ്‍സെടുത്ത സായ് സുദര്‍ശന്‍ മാത്രമാണ് ഗില്ലിന് പിന്തുണ നല്‍കിയത്.

നാലോവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറിന്റെ മിന്നും പ്രകടനമാണ് അവസാന ഡെത്ത് ഓവറുകളില്‍ ഗുജറാത്തിനെ സ്‌കോര്‍ 200 കടക്കാതെ തടുത്ത് നിര്‍ത്തിയത്. മറുപടിയായി 20 ഓവറില്‍ 154 റണ്‍സെടുക്കാനേ ഹൈദരാബാദിന് കഴിഞ്ഞുള്ളൂ.

കാന്‍സര്‍ രോഗികളെ സഹായിക്കാനായി റോസ് നിറത്തിലുള്ള പുതിയ ജഴ്‌സിയണിഞ്ഞാണ് ഗുജറാത്ത് താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങിയത്. 13 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും നാല് തോല്‍വിയും സഹിതം 18 പോയിന്റാണ് നലവിലെ ചാമ്പ്യന്മാരുടെ സമ്പാദ്യം.

content highlights: gujarath titans enters play-offs, beat SRH by 34 runs

We use cookies to give you the best possible experience. Learn more