|

ഗുജറാത്തില്‍ മൂന്നില്‍ ഒരാള്‍ ദരിദ്രന്‍, 2022ല്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് രണ്ട് കുടുംബം മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്നിലൊരാള്‍ ദാരിദ്ര്യത്തിലാണെന്ന് മന്ത്രി ബച്ചുഭായ് മഗന്‍ഭായ് ഖബാദ് നിയമസഭയില്‍ പറഞ്ഞു.
31.61 ലക്ഷം കുടുംബം ബി.പി.എല്‍ വിഭാഗത്തിലാണെന്ന് മന്ത്രി വിശദീകരിച്ചു. ഇതില്‍ 16.28 ലക്ഷം കുടുംബം അതിദാരിദ്ര്യത്തിലാണ്.

ഗ്രാമങ്ങളിലെ പ്രതിശീര്‍ഷ വരുമാനം 816 രൂപയായും നഗരങ്ങളില്‍ 1000 രൂപയായും പുനര്‍ നിശ്ചയിച്ചിരുന്നു. ഇത്രയും വരുമാനമില്ലാത്തവരാണ് ബി.പി.എല്ലില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രാമീണര്‍ക്ക് പ്രതിദിന വരുമാനം 32 രൂപയും നഗരങ്ങളില്‍ 26 രൂപയുമാണ്

വര്‍ഷംതോറും ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ എണ്ണം കൂടി വരികയാണെന്നും സെപ്തംബര്‍ 14ന് കോണ്‍ഗ്രസ് എംഎല്‍എ തുഷാര്‍ ചൗധരിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രിപറഞ്ഞു. 2020-21 ല്‍ 1047 കുടുംബം കൂടി ദാരിദ്ര്യരേഖയ്ക്ക് താഴെയായി. 14 കുടുംബങ്ങള്‍ മാത്രമാണ്് ദാരിദ്ര്യത്തില്‍നിന്ന് കരകയറിയത്. 2021-22 ല്‍ 1751 കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക്് താഴെയാകുകയും രണ്ട് പേര്‍ കരകയറുകയും ചെയ്തു.

‘ഒരു കുടുംബത്തില്‍ ശരാശരി ആറ് അംഗങ്ങളുള്ള 31.64 ലക്ഷം ദരിദ്ര കുടുംബങ്ങളെ പരിഗണിക്കുകയാണെങ്കില്‍, ബി.പി.എല്ലില്‍ ജനസംഖ്യ 1 കോടി 89 ലക്ഷം ആണ്, അതായത് ജനസംഖ്യയുടെ മൂന്നിലൊന്ന് ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്,’ അഹമ്മദാബാദ് ആസ്ഥാനമായുള്ള സാമ്പത്തിക വിദഗ്ധന്‍ ഹേമന്ത് കുമാര്‍ ഷാ പറയുന്നു.
ആറ് കോടിയില്‍പ്പരമാണ് ഗുജറാത്തിലെ ജനസംഖ്യ.

Content Highlight: In Gujarath Poverty on Rise