റൊട്ടി നല്‍കിയാല്‍ പാകിസ്ഥാനൊപ്പം പോകുന്ന പട്ടിക്കുട്ടിയാണ് രാഹുല്‍ ഗാന്ധി; വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മന്ത്രി
D' Election 2019
റൊട്ടി നല്‍കിയാല്‍ പാകിസ്ഥാനൊപ്പം പോകുന്ന പട്ടിക്കുട്ടിയാണ് രാഹുല്‍ ഗാന്ധി; വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 8:16 am

അഹ്മദാബാദ്: പാകിസ്ഥാനും ചൈനയ്ക്കും നന്ദി കാണിക്കുന്ന പട്ടിക്കുട്ടിയാണ് രാഹുല്‍ ഗാന്ധിയെന്ന് ഗുജറാത്തിലെ ഗോത്രസമൂഹ വികസന മന്ത്രി ഗണ്‍പത് വാസവ. തനിക്ക് റൊട്ടി നല്‍കുന്ന ആര്‍ക്കു മുന്നിലും വാലാട്ടുന്ന പപ്പിയെന്നാണ് വാസവ രാഹുലിനെ വിശേഷിപ്പിച്ചത്.

‘നമ്മുടെ നരേന്ദ്ര ഭായ് സിംഹത്തെപ്പോലെയാണ്. അദ്ദേഹം എവിടെ നിന്നാലും ഒരു ഗിര്‍ സിംഹം നില്‍ക്കുന്നതു പോലെ തോന്നും. എന്നാല്‍ രാഹുല്‍ ഗാന്ധി എവിടെ നിന്നാലും വാലാട്ടുന്ന പട്ടിക്കുട്ടിയെ പോലെയാണ് തോന്നുക. പാകിസ്ഥാന്‍ റൊട്ടി നല്‍കാമെന്ന് പറഞ്ഞാല്‍ അയാള്‍ അവിടെ പോകും. ചൈന എന്തെങ്കിലും വാഗ്ദാനം നല്‍കിയാല്‍ അത് ചൈനയോടൊപ്പം പോകും’- ദെദിയപ്പയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ വാസവ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പരസ്പരം നടത്താതിരിക്കാന്‍ ആളുകള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധിക്കണമെന്നായിരുന്നു സംഭവത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി നല്‍കിയ പ്രതികരണം.

കഴിഞ്ഞ വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചപ്പോഴും സമാനമായ വ്യക്തിഹത്യക്ക് രാഹുല്‍ ഗാന്ധി ഇരയായിരുന്നു.

സംഭവത്തില്‍ രാഹുല്‍ ഗാന്ധി കുരയ്ക്കുന്ന പട്ടിയാണെന്ന് യു.പിയിലെ ഗോണ്ട അസംബ്ലിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ബ്രിജി ഭൂഷണ്‍ ശരണ്‍ അധിക്ഷേപിച്ചിരുന്നു.

”പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും. പക്ഷേ ആനകള്‍ അവരുടെ നടത്തം തുടര്‍ന്നുകൊണ്ടിരിക്കും. പ്രധാനമന്ത്രി രാജ്യത്തെ സേവിച്ചുകൊണ്ടേയിരിക്കുമെന്നും കുരക്കേണ്ടവര്‍ക്ക് കുരച്ചുകൊണ്ടിരിക്കാം” എന്നുമായിരുന്നു ഭൂഷണ്‍ ശരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.