| Wednesday, 15th April 2020, 1:02 pm

കൊവിഡ്; ഹിന്ദുക്കളേയും മുസ്‌ലീങ്ങളേയും വ്യത്യസ്ത വാര്‍ഡുകളിലാക്കി അഹമ്മദാബാദ് ആശുപത്രി; നടപടി സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നെന്ന് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: അഹമ്മദാബാദിലെ ആശുപത്രിയില്‍ കൊവിഡ് രോഗികളേയും നിരീക്ഷണത്തില്‍ കഴിയുന്നവരേയും മതം പരിശോധിച്ച ശേഷം വ്യത്യസ്ത വാര്‍ഡുകളിലാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കുമായി രണ്ട് വ്യത്യസ്ത വാര്‍ഡുകളാണ് ഒരുക്കിയിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നുമാണ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണ്‍വന്ത് എച്ച് റാത്തോഡ് പറഞ്ഞത്. എന്നാല്‍ സംഭവം വിവാദമായതോടെ ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ പ്രതികരിച്ചത്.

‘ സാധാരണ നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വ്യത്യസ്ത വാര്‍ഡുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇവിടെ ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കുമായി രണ്ട് വാര്‍ഡുകള്‍ തയ്യാറാക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തത്. കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ സര്‍ക്കാരിനോട് തന്നെ ചോദിക്കണം’, എന്നായിരുന്നു സൂപ്രണ്ട് പ്രതികരിച്ചത്.

എന്നാല്‍ ഹിന്ദുക്കളേയും മുസ്‌ലീങ്ങളേയും വ്യത്യസ്ത വാര്‍ഡുകളിലായി പ്രവേശിപ്പിച്ച നടപടിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നുമാണ് നിതിന്‍ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

ഇത്തരമൊരു നിര്‍ദേശം ആരാണ് നല്‍കിയതെന്ന് അറിയില്ലെന്നും ജില്ലാ ഭരണകൂടം ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നുമാണ് അഹമ്മദാബാദ് കളക്ടര്‍ കെ.കെ നിരാല പറഞ്ഞത്.

1200 ബെഡുകളാണ് കൊവിഡ് രോഗികള്‍ക്കായി അഹമ്മദാബാദിലെ ഈ ആശുപത്രിയില്‍ ഒരുക്കിയത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗിയെ പോസിറ്റീവ് ആയവരെ താമസിപ്പിക്കുന്ന മുറിയിലേക്ക് മാറ്റണമെന്നാണ് നിയമം. ആശുപത്രിയിലുള്ള 186 പേരില്‍ 150 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 40 പേര്‍ മുസ്‌ലീങ്ങളാണെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച രാത്രി മുതലാണ് ഇത്തരത്തില്‍ മതം നോക്കി ആളുകളെ വേര്‍തിരിക്കാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു.

‘ഞായാറാഴ്ച രാത്രി എ വാര്‍ഡില്‍ ചികില്‍സയിലായിരുന്ന 28 ആളുകളുടെ പേരുകള്‍ വിളിച്ചു. ഞങ്ങളെ സി വാര്‍ഡിലേക്ക് മാറ്റി. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെങ്കിലും മാറ്റിയ ആളുകള്‍ മുഴുവന്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരായിരുന്നു.

അവിടുത്തെ ജീവനക്കാരോട് ചോദിച്ചപ്പോള്‍ രണ്ട് സമുദായത്തില്‍പ്പെട്ടവരുടെയും സൗകര്യത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പറഞ്ഞത്’, ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more