| Friday, 24th February 2023, 11:53 am

ചോദ്യ പേപ്പര്‍ ചോര്‍ത്തിയാല്‍ 10 വര്‍ഷം തടവും ഒരു കോടി പിഴയും; നിയമ നിര്‍മാണത്തിനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ വിവാദങ്ങളില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട ഗുജറാത്ത് സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുന്നു. ഇതിനായുള്ള ബില്‍ നിയമസഭയുടെ ഇടക്കാല ബഡ്ജറ്റിനോടൊപ്പം പരിഗണിക്കാനാണ് സര്‍ക്കാര്‍ നീക്കം. പുതിയ ഭേദഗതി പ്രകാരം ചോദ്യപേപ്പറില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തുന്നത് 10 വര്‍ഷം വരെ തടവും ഒരു കോടി രൂപയ്ക്കടുത്ത് പിഴയും ലഭിക്കാനുള്ള കുറ്റമാക്കി നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ആഭ്യന്തരമന്ത്രി ഹര്‍ഷ് സാങ്‌വിയാണ് ബില്ല് സഭയുടെ പരിഗണനക്ക് വെച്ചത്. ബില്ലിന്‍മേല്‍ വിശദമായ ചര്‍ച്ച നടത്താന്‍ ഭരണ പ്രതിപക്ഷ കക്ഷികളോട് സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്ത് പബ്ലിക് എക്‌സാമിനേഷന്റെ നിയമത്തിലാണ് ഭേദഗതിക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളത്. ചോദ്യപ്പേപ്പറില്‍ ഏതെങ്കിലും തരത്തിലുളള കൃത്രിമത്വം കാണിക്കുകയോ, ഗൂഢാലോചന നടത്തുകയോ, പേപ്പര്‍ ചോര്‍ത്തുകയോ ചെയ്ത് പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവും 10 ലക്ഷം മുതല്‍ ഒരു കോടി വരെ പിഴയും ഒടുക്കേണ്ടി വരും.

പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഓഫീസര്‍മാര്‍ കുറ്റം ചെയ്താലും പദവി നോക്കാതെ നടപടിയെടുക്കാന്‍ ബില്ലില്‍ ശുപാര്‍ശയുണ്ട്. കൂടാതെ പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ രണ്ട് വര്‍ഷത്തേക്ക് സര്‍ക്കാര്‍ പരീക്ഷകള്‍ എഴുതുന്നതില്‍ നിന്ന് വിലക്കാനും നിയമത്തിലൂടെ സാധിക്കും. ഏതെങ്കിലും തരത്തില്‍ പിഴത്തുക ഒടുക്കാന്‍ സാധിച്ചില്ലെങ്കില്‍  കുറ്റക്കാരുടെ സ്വത്ത് ജപ്തി ചെയ്യാനും തീരുമാനമുണ്ട്.

എന്നാല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളെ മറച്ച് പിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമായാണ് പെട്ടെന്നുണ്ടായ ബില്ലവതരണമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിരവധി ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ കേസുകള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും അതിലൊന്നും യാതൊരു നടപടിയും ഇത് വരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

‘കഴിഞ്ഞ 27 വര്‍ഷത്തിനിടക്ക് 13 തവണ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടിട്ടുണ്ട്. വിഷയത്തില്‍ ഇത് വരെ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല. ഇപ്പോള്‍ തിടുക്കപ്പെട്ട് നിയനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത് കോണ്‍ഗ്രസിന്റെയും ഈ നാട്ടിലെ യുവാക്കളുടെയും പ്രതിഷേധം കണ്ടിട്ടാണ്. പഴുതടച്ച നിയമനിര്‍മാണമാണ് ഇവിടെ ആവശ്യം,” കോണ്‍ഗ്രസ് നേതാവ് അമിത് ചൗഡ പറഞ്ഞു.

Content Highlight: Gujarath government propose new law on question paper leak

We use cookies to give you the best possible experience. Learn more