തിരുവനന്തപുരം: കേരളത്തിന് അനുവദിച്ചിരുന്ന ഒഡീഷയിലെ ബൈതരണിയിലുള്ള കല്‍ക്കരിപ്പാടം റദ്ദാക്കിയതിനെതിരെ ഗുജറാത്ത് രംഗത്ത്. കല്‍ക്കരിപ്പാടം റദ്ദാക്കിയതിനെതിരെ പ്രതിഷേധമറിയിച്ച് കൊണ്ട് ഗുജറാത്ത് കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ്.[]
കേരളത്തിനും ഗുജറാത്തിനും ഒഡീഷയ്ക്കും സംയുക്തമായായിരുന്നു ബൈതരണിയിലെ കല്‍ക്കരിപ്പാടം അനുവദിച്ചിരുന്നത്. പാടം റദ്ദാക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് 125 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ഗുജറാത്ത് കത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന് കത്തയക്കുന്ന കാര്യം കേരളത്തേയും ഒഡീഷയേയും ഗുജറാത്ത് അറിയിച്ചിട്ടുണ്ട്. ബൈതരണി പാടം ഉപയോഗിച്ച് മൂന്ന് സംസ്ഥാനങ്ങളും വൈദ്യുതി ഉത്പാദനം നടത്തിയില്ലെന്ന ആരോപണവും കത്തില്‍ നിഷേധിച്ചു.
ഗുജറാത്തിലെ അമ്രേലി ജില്ലയിലുള്ള പിപാവവില്‍ 2000 മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി 100 കോടി രൂപ മുതല്‍മുടക്കിക്കഴിഞ്ഞുവെന്നും ഗുജറാത്ത് പറയുന്നു.
2007 ജൂലായ് 25നാണ് ഒഡിഷ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍, ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കെ.എസ്.ഇ.ബി. എന്നിവയ്ക്ക് ബൈതരണി വെസ്റ്റ് കോള്‍ ബ്ലോക്ക് അനുവദിക്കുന്നത്.
മൂന്നു സംസ്ഥാനങ്ങളും ചേര്‍ന്ന് 2008ല്‍ സംയുക്ത സംരംഭത്തിന് തീരുമാനമെടുക്കുകയും ബൈതരണി വെസ്റ്റ് കോള്‍ കമ്പനി ലിമിറ്റഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. ഖനനം നടത്താന്‍ പാട്ടത്തിന് ഭൂമി ലഭിക്കാനുള്ള അപേക്ഷയും ഒഡിഷ സര്‍ക്കാരിന് നല്‍കി.
2008 ഡിസംബറില്‍ വിശദമായ ഖനന പദ്ധതി തയ്യാറാക്കി അനുമതിക്ക് അപേക്ഷിച്ചെങ്കിലും അനുമതി ലഭിച്ചത് 2009 ഒക്ടോബറിലാണ്. ഇതിനു ശേഷം പരിസ്ഥിതി അനുമതിക്ക് അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ബൈതരണിയില്‍ “നോ ഗോ” ഏരിയ പ്രഖ്യാപിച്ച് ഖനനാനുമതി നിഷേധിച്ചു.
2011 പകുതിയോടെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല ജയന്തി നടരാജന്‍ ഏറ്റെടുത്തതോടെയാണ് “നോ ഗോ” ഏരിയ ഒഴിവാക്കിയത്. കേന്ദ്രം തന്നെ വരുത്തിയ ഈ കാലതാമസം കല്‍ക്കരിപ്പാടം റദ്ദാക്കുമ്പോള്‍ മന്ത്രിതല സമിതി പരിഗണിച്ചില്ലെന്നും ഗുജറാത്ത് കുറ്റപ്പെടുത്തുന്നു.
വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സംസ്ഥാനത്തിന് ഒഡിഷയിലെ ബൈതരണിയില്‍ അനുവദിച്ച കല്‍ക്കരിപ്പാടത്തിന്റെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ലൈസന്‍സ് കിട്ടി അഞ്ചു കൊല്ലമായിട്ടും കല്‍ക്കരി ഖനനത്തിന് നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലായിരുന്നു ലൈസന്‍സ് റദ്ദാക്കിയത്.