അഹമ്മദാബാദ്: ഗുജറാത്തില്‍ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്ത നൂറോളം കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചവാടയുള്‍പ്പെടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാദ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതിന് പിന്നാലെ ഗാന്ധിനഗറില്‍ പ്രതിഷേധിക്കുകയായിരുന്നു ഇവര്‍. തിങ്കളാഴ്ച്ച രാവിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ഉള്‍പ്പെടെ സംഘടിപ്പിച്ച് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു.
റാലി നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും പ്രതിഷേധക്കാര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനിടയിലാണ് കസ്റ്റഡിയിലെടുത്തതെന്നും ഡെപ്യൂട്ടി സൂപ്രണ്ട് എം.കെ റാണ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ മാത്രമല്ല രാജ്യത്തെമ്പാടുമുള്ള കര്‍ഷകരും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയത്തിനെതിരെ പ്രതിഷേധത്തിലാണെന്ന് അമിത് ചവാട പറഞ്ഞു. തെരഞ്ഞെടുത്ത കമ്പനികള്‍ക്ക് രാജ്യത്തെ കാര്‍ഷിക മേഖല വില്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അമിത് ചവാട കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക ബില്ലിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടിയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. എന്നാല്‍ കര്‍ഷകരെ വഴിയാധാരമാക്കുന്ന നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. വീണ്ടും രാജ്യത്തെമ്പാടും പ്രതിഷേധ പരിപാടികളുമായി സജീവമാകുകയാണ് കര്‍ഷകരിപ്പോള്‍.
കര്‍ഷക പ്രതിഷേധം ഏറ്റവും ശക്തമായ പഞ്ചാബില്‍ ഏതറ്റംവരെയും പോയി കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടരമായ പുതിയ നിയമം നടപ്പിലാക്കുന്നത് പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. പുതിയ നിയമനിര്‍മ്മാണത്തില്‍ താങ്ങുവിലയെക്കുറിച്ച് പ്രതിപാദിക്കാത്തത് ബി.ജെ.പിയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു.
ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണനയ്ക്ക് എടുക്കാതെ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Gujarath congress chief and 100 others taken in custody for protesting against farm bill