|

മലിനീകരണം: ഗുജറാത്തിൽ മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന പ്ലാന്റുകൾക്കുള്ള 40 മില്യൺ ഡോളർ ധനസഹായം പിൻവലിച്ച് ലോകബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗർ: ഗുജറാത്തിൽ മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള (WTE) പദ്ധതികൾക്കായി 40 മില്യൺ ഡോളർ വായ്പ നൽകാനുള്ള തീരുമാനം പിൻവലിച്ച് ലോകബാങ്ക്. മലിനീകരണം, പൊതുജനാരോഗ്യ അപകടസാധ്യതകൾ, സാമ്പത്തിക നിലനിൽപ്പ് എന്നിവയെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ച പരിസ്ഥിതി ഗ്രൂപ്പുകൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവയിൽ നിന്നുള്ള നിരന്തരമായ എതിർപ്പിനെ തുടർന്നാണ് ഈ തീരുമാനം.

രാജ്കോട്ട്, വഡോദര, അഹമ്മദാബാദ്, ജാംനഗർ എന്നിവിടങ്ങളിൽ പ്ലാന്റുകൾ നിർമിക്കാനായി അഹമ്മദാബാദ് ആസ്ഥാനമായുള്ള ആബെല്ലോൺ ക്ലീൻ എനർജി ലിമിറ്റഡിന് 40 മില്യൺ ഡോളർ അനുവദിക്കുന്നതിനെക്കുറിച്ച് നേരത്തെ പരിഗണിച്ചിരുന്നു. മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഇന്ത്യൻ കമ്പനിയാണ് ആബെലോൺ ക്ലീൻ എനർജി ലിമിറ്റഡ്. മാലിന്യങ്ങൾ കത്തിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതാണ് ഈ സാങ്കേതികവിദ്യ.

പ്ലാന്റുകളിൽ ഒരുമിച്ച് പ്രതിദിനം 3,750 ടൺ തരംതിരിക്കാത്ത മുനിസിപ്പൽ ഖരമാലിന്യം കത്തിച്ചുകളയുമായിരുന്നു എന്ന് സിറ്റിസൺ ഗ്രൂപ്പ് അലയൻസ് ഫോർ ഇൻസിനറേറ്റർ ഫ്രീ ഗുജറാത്ത് പറയുന്നു. പദ്ധതിയിലൂടെ വായു, ജല മലിനീകരണം കൂടുതൽ വഷളാക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമെന്നും സുസ്ഥിര മാലിന്യ സംസ്കരണ രീതികളെ ദുർബലപ്പെടുത്തുമെന്നും പ്രദേശവാസികളും ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചു.

പ്ലാന്റുകൾ മൂലം ബാധിക്കപ്പെട്ട ആളുകൾ 2024 ജൂണിൽ ഐ.എഫ്.സിയുടെ സ്റ്റേക്ക്‌ഹോൾഡറായ ഗ്രീവൻസ് റെസ്‌പോൺസ് ടീമിന് ഔപചാരികമായി പരാതികൾ നൽകിക്കൊണ്ടും ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് ഒരു കത്ത് അയച്ചുകൊണ്ടും തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചു. ഒരു അന്താരാഷ്ട്ര ക്യാമ്പയിന് നടത്തി പ്രതിഷേധക്കാർ ധനസഹായം നിരസിക്കാൻ ലോക ബാങ്കിന്റെ ഡയറക്ടർ ബോർഡിനോട് ആവശ്യപ്പെട്ടു.

പ്ലാന്റുകൾ ഏകദേശം 18,75,000 കാറുകൾക്ക് തുല്യമായ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുമെന്ന് എടുത്തുകാണിച്ച അവർ, ഐ.എഫ്‌.സിയുടെ സ്വന്തം പ്രകടന മാനദണ്ഡങ്ങൾ മാത്രമല്ല, നിരവധി ഇന്ത്യൻ നിയമങ്ങളും ലംഘിക്കുന്നതിനാൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതെല്ലാം ഈ പ്ലാന്റുകൾക്കുള്ള ധനസഹായം നൽകുന്നതിന് നിന്ന് ലോകബാങ്ക് പിന്മാറുന്നതിന് കാരണമായി. സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ആക്ടിവിസ്റ്റുകൾ ലോകബാങ്കിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. നിലവിൽ, ജാംനഗറിൽ ആബെല്ലോൺ പ്രവർത്തിപ്പിക്കുന്ന ഒരു WTE ഇൻസിനറേറ്റർ പ്രവർത്തിക്കുന്നുണ്ട്.

Content Highlight: Gujarat: World Bank Withdraws $40 Million Funding for Waste-to-Energy Plants Amid Community Backlash

Video Stories