ഗുജറാത്തിൽ ദളിത് ഉടമയുടെ റേഷൻ വേണ്ട; 436 റേഷൻ കാർഡുകൾ അയൽഗ്രാമത്തിലേക്ക് മാറ്റി കളക്ടർ
പത്താൻ: ഗുജറാത്തിൽ ദളിത് ഉടമയുടെ ന്യായവില കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ വിസമ്മതിച്ച 436 പേരുടെ റേഷൻ കാർഡുകൾ അയൽ ജില്ലകളിലേക്ക് മാറ്റിനൽകി ജില്ലാ കളക്ടർ.
പത്താൻ ജില്ലയിലുള്ള കനോസൻ ഗ്രാമത്തിലുള്ളവരുടെ കാർഡുകളാണ് കളക്ടർ അരവിന്ദ് വിജയൻ അടുത്ത ഗ്രാമമായ എഡ്ലയിലേക്ക് മാറ്റിനൽകിയത്.
കഴിഞ്ഞ ഒന്നര വർഷമായി കാന്തി പർമറിന്റെ കടയിൽ നിന്ന് റേഷൻ വാങ്ങാൻ കനോസനിലെ പ്രധാനികളായ താക്കൂർ സമുദായം തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് ഇപ്പോൾ എഡ്ലയിൽ റേഷൻ നൽകാൻ തീരുമാനിച്ചത്.
കാന്തിയുടെ കടയിൽ നിന്ന് റേഷൻ വാങ്ങുന്നത് ഒന്നരക്കൊല്ലമായി നിർത്തിയ ഗ്രാമവാസികൾ അയൽഗ്രാമങ്ങളായ എഡ്ല, വാഗ്ദോദ്, നായ്ത ഗ്രാമങ്ങളിൽ നിന്നാണ് ഇപ്പോൾ വാങ്ങുന്നതെന്ന് കളക്ടറുടെ ഓർഡറിൽ പറയുന്നുണ്ട്. അവർക്ക് കൃത്യ സമയത്ത് ധാന്യങ്ങൾ നൽകുന്നില്ല എന്നും കൊവിഡ് മഹാമാരിയുടെ സമയത്ത് സർക്കാർ നിശ്ചയിച്ച ശരിയായ അളവിലുള്ള റേഷൻ വിതരണം ചെയ്തില്ല എന്ന ഗ്രാമവാസികളുടെ ആരോപണവും ഉത്തരവിൽ ഉണ്ട്.
പട്ടികജാതി, പട്ടിക വർഗ നിയമപ്രകാരം തങ്ങൾക്കെതിരെ കള്ളക്കേസ് കൊടുക്കുമെന്ന് കാന്തി ഭീഷണിപ്പെടുത്തുന്നതായും താക്കൂർമാർ ആരോപിച്ചു. ആരോപണങ്ങൾ തള്ളിയ കാന്തിയും കുടുംബവും കളക്ടറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
ജില്ലാ ഭരണകൂടം കനോസൻ ഗ്രാമത്തിലെ 268 കുടുംബങ്ങളുടെ പ്രസ്താവനകൾ രേഖപ്പെടുത്തി. ഇതിൽ എട്ട് പേർ മാത്രമാണ് കാന്തിയുടെ കടയിൽ നിന്ന് വാങ്ങാൻ സന്നദ്ധത അറിയിച്ചത്.
ഗുജറാത്തിലെ സംരസ് ഗ്രാമങ്ങളിലൊന്നാണ് കനോസൻ. സംസ്ഥാന സർക്കാരിന്റെ സംരസ് സ്കീം പ്രകാരം ഗ്രാമവാസികൾ തെരഞ്ഞെടുപ്പിന് പകരം തങ്ങളുടെ വാർഡ് മെമ്പർമാരെയും സർപ്പഞ്ചുമാരെയും (ഗ്രാമാധ്യക്ഷൻ) സമവായത്തിലൂടെ തീരുമാനിക്കുകയാണ് പതിവ്. ഇത്തരം ഗ്രാമങ്ങൾക്ക് സർക്കാരിൽ നിന്ന് പ്രത്യേക ഗ്രാന്റുകൾ ലഭിക്കും. സംരസ് സ്റ്റാറ്റസ് ഗ്രാമത്തിന്റെ സാമൂഹിക ഐക്യം കൂടിയാണ് സൂചിപ്പിക്കുക.
CONTENT HIGHLIGHT: In Gujarat, villagers won’t buy ration from Dalit’s shop, collector transfers cards to nearby village