| Monday, 23rd July 2018, 8:51 am

ബറോഡയിലെ യുവാക്കളുടെ ചിന്തകളെ മലിനപ്പെടുത്താനനുവദിക്കില്ല; ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നെന്നാരോപിച്ച് ഹാസ്യതാരത്തിന്റെ പരിപാടിക്ക് ഗുജറാത്തിലെ സര്‍വകലാശാലയില്‍ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വഡോദര: ദേശവിരുദ്ധമായ പരാമര്‍ശങ്ങളടങ്ങുന്ന ഉള്ളടക്കമുണ്ടെന്നു ചൂണ്ടിക്കാട്ടി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര നേതൃത്വം നല്‍കുന്ന പരിപാടിക്ക് ഗുജറാത്തിലെ സര്‍വകലാശാലയുടെ വിലക്ക്. വഡോദരയിലെ എം.എസ് സര്‍വകലാശാലയാണ് ആഗസ്ത് പതിനൊന്നിനു നടക്കാനിരുന്ന പരിപാടി റദ്ദാക്കിയത്. കുനാല്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ രാജ്യതാല്‍പര്യങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളുണ്ടെന്നു കാണിച്ച് പതിനൊന്നു പൂര്‍വവിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറിനു കത്തെഴുതിയതോടെയാണ് പരിപാടി നടത്തേണ്ടതില്ലെന്ന് യൂണിവേഴ്‌സിറ്റി തീരുമാനിച്ചത്.

“പരിപാടി റദ്ദാക്കിയ വിവരം കുനാല്‍ കമ്രയെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പ് ഉടനെ പുറത്തിറങ്ങും. അദ്ദേഹം പരിപാടിക്കിടെ ധാരാളം ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നു ഞങ്ങള്‍ക്കു വിവരം ലഭിക്കുകയായിരുന്നു. അതിനാലാണ് പരിപാടിയുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് തീരുമാനിച്ചത്.” പരിപാടി നടക്കാനിരുന്ന ക്യാംപസിലെ സി.സി. മെഹ്ത ഓഡിറ്റോറിയത്തിന്റെ കോര്‍ഡിനേറ്റര്‍ രാകേഷ് മോദി പറയുന്നു.

വി.സി നേരിട്ടാണ് പരിപാടി നടത്തേണ്ടതില്ലെന്ന തീരുമാനം ഓഡിറ്റോറിയം കോര്‍ഡിനേറ്ററെയും നടത്തിപ്പുകാരെയും അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also Read: ശിവസേന ഇനി ബി.ജെ.പിയെ തുറന്നെതിര്‍ക്കും: ഉദ്ധവ് താക്കറെ


“ഗുജറാത്തിലെ ഏറ്റവും പ്രസിദ്ധമായ നമ്മുടെ യൂണിവേഴ്‌സിറ്റിയില്‍ ഇത്തരമൊരു യുവാവിന്റെ ദേശവിരുദ്ധ ഹാസ്യപരിപാടി അവതരിപ്പിക്കുന്നതിലൂടെ എന്തു സന്ദേശമാണ് നമ്മള്‍ നല്‍കാനുദ്ദേശിക്കുന്നത്” എന്നായിരുന്നു പൂര്‍വവിദ്യാര്‍ത്ഥികള്‍ അയച്ച കത്തിലെ പരാമര്‍ശം. യൂണിവേഴ്‌സിറ്റി ക്യാംപസ്സിനകത്ത് രാജ്യദ്രോഹപരമായ പരിപാടികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നായിരുന്നു കത്തിലെ ആവശ്യം.

“പരിപാടി അവതരിപ്പിക്കുന്ന ഹാസ്യതാരത്തിന്റെ പേരു ഞങ്ങളിവിടെ പരാമര്‍ശിക്കുന്നില്ല. ഈ കത്തിലൂടെ ലഭിക്കുന്ന പ്രസിദ്ധി പോലും അദ്ദേഹം അര്‍ഹിക്കുന്നില്ല. ദേശീയഗാനത്തെ വരെ പരസ്യമായി അവഹേളിച്ചയാളാണ് അദ്ദേഹം. തുക്‌ഡേ-തുക്‌ഡേ സംഘത്തെ അനുകൂലിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. രാജ്യസ്‌നേഹികളായ എല്ലാ സര്‍വകലാശാലാ അധികൃതരും അദ്ദേഹത്തില്‍ നിന്നും അകലം പാലിക്കുന്നവരാണ്. അങ്ങിനെയുള്ളപ്പോള്‍ നമ്മുടെ പവിത്രമായ ക്യാംപസില്‍ കടക്കാന്‍ അദ്ദേഹത്തെ അനുവദിക്കേണ്ട കാര്യമെന്താണ്? ബറോഡയിലെ യുവജനത്തിന്റെ ചിന്തകളെ മലിനപ്പെടുത്താനുള്ള ആശയപരമായ ഗൂഢാലോചന ഇതിനു പിന്നിലുള്ളതായി ഞങ്ങള്‍ സംശയിക്കുന്നു.” കത്തില്‍ പറയുന്നു.

കമ്രയെ വിവരമറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും, ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. “നിങ്ങളിലാരെങ്കിലും നിങ്ങള്‍ അടുത്ത ദിവസം ജോലി ചെയ്യാന്‍ പോകുന്നില്ലെന്ന് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്ര വളര്‍ന്നിട്ടുണ്ടോ?” എന്നായിരുന്നു കമ്ര പരിഹാസസൂചകമായി ട്വിറ്ററില്‍ കുറിച്ചത്.

We use cookies to give you the best possible experience. Learn more