അഹമ്മദാബാദ്: മകന്‍ ഒളിച്ചോടിയതിന് ഗുജറാത്തില്‍ ആദിവാസി സ്ത്രീയെ മരക്കുറ്റിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ഗ്രാമത്തിലെ തന്നെ ഒരു യുവതിയുമായി മകന്‍ ഒളിച്ചോടിയതിനെ തുടര്‍ന്ന് ബുച്ചിബെന്‍ വാസവ എന്ന സ്ത്രീക്കാണ് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നത്.
ബുച്ചിബെന്നിന്റെ മകന്‍ കല്‍പേഷ് വാസവ, ജോലിചെയ്തിരുന്ന അതേ കമ്പനിയിലെ 20കാരിയായ യുവതിയുമായി പ്രണയത്തിലാവുകയും ഒളിച്ചോടി വിവാഹം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി വന്നതോടെ കോടതി ഇടപെട്ടായിരുന്നു വിവാഹം.
വിവാഹശേഷം ദമ്പതികള്‍ക്ക് ഗ്രാമത്തില്‍ തന്നെ തുടര്‍ന്ന് താമസിക്കണമെങ്കില്‍ 2.5 ലക്ഷം രൂപ നല്‍കണമെന്ന് യുവതിയുടെ വീട്ടുകാര്‍ ബുച്ചിബെന്നിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട്, പഞ്ചായത്ത് ഇടപെട്ട് 550 രൂപ മാത്രം നല്‍കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരാണ് ബുച്ചിബെന്നിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. പ്രശ്നത്തില്‍ ഇടപെടരുതെന്ന് അവര്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തികയും ചെയ്തിരുന്നു.
വനിതാ ഹെല്‍പ് ലൈന്‍ പൊലീസിനേയും കൂട്ടി വന്നാണ് ബുച്ചിബെന്നിനെ മോചിപ്പിച്ചത്. യുവതിയുടെ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.