| Wednesday, 26th February 2020, 12:46 pm

ഗുജറാത്തില്‍ ഖംഭദ് പ്രശ്‌നബാധിത പ്രദേശമാക്കി സര്‍ക്കാര്‍; ഗുജറാത്തിലും അഫ്‌സ്പക്കു കളം ഒരുങ്ങുന്നു ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: അഹമ്മദാബാദ് ആനന്ദ് ജില്ലയിലെ ഖംഭദ് മേഖലയില്‍ ചില ഭാഗങ്ങള്‍ പ്രശ്‌ന ബാധിത പ്രദേശമാക്കി ഗുജറാത്ത് സര്‍ക്കാര്‍.

തുടര്‍ച്ചയായി വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖംഭദ് താലൂക്കില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലിനിടെ ആള്‍ക്കൂട്ടം വീടുകളും കടകളും അഗ്‌നിക്കിരയാക്കി. ഇത് രണ്ടാം തവണയാണ് മേഖലയില്‍ സമുദായാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.

ഖംഭദിലെ അക്ബര്‍പുര മേഖലയിലാണ് സംഭവം നടന്നത്. ഒരു മാസത്തിനിടെ പ്രദേശത്തുണ്ടാകുന്ന രണ്ടാമത്തെ സാമുദായിക സംഘര്‍ഷമാണിത്. നേരത്തെയുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി വീടുകളും കടകളും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഖംഭദില്‍ ചൊവ്വാഴ്ച ഹിന്ദു സമുദായക്കാര്‍ ബന്ദ് നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ദ്രുതകര്‍മ സേന പ്രശ്‌നമേഖലയില്‍ പട്രോളിംങ് നടത്തിയിരുന്നു.

പ്രശ്‌ന ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിലൂടെ ഈ മേഖലകളില്‍ സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്.

അഫ്‌സ്പ നിയമപ്രകാരം സൈന്യത്തിന് ആരെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റു ചെയ്യാനും കേസ് എടുക്കാതെ തടവില്‍ വെക്കാനും അധികാരമുണ്ട്.സര്‍ക്കാറിനെതിരായി കൂട്ടം കൂടുകയോ, നിയമം കൈയ്യിലെടുക്കുന്നതായി തോന്നുകയോ ചെയ്യുന്ന സമയങ്ങളില്‍ സൈന്യത്തിന് ഇടപെടാവുന്നതാണ്. ഏത് വീട്ടിലും എപ്പോള്‍ വേണമെങ്കിലും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തിരച്ചല്‍ നടത്താനും ഇതുവഴി കഴിയും.

അഹമ്മദാബാദ്, വഡോദര, സൂറത്ത്, ബറൂച്, കപഡ്‌വഞ്ച്, ആനന്ദ്, ഗോധ്ര ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിലവില്‍
പ്രശ്‌നബാധിത മേഖല നിയമം നടപ്പാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ സ്ഥലം കൈമാറ്റം ചെയ്യുകയോ വില്‍പന നടത്തുകയോ ചെയ്യാന്‍ കലക്ടറുടെ അനുമതി വേണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more