|

ഞങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നു, എല്ലാവിധ ആശംസകളും; ജി.ടി ഡയരക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി താര കൈമാറ്റത്തില്‍ ഗുജറാത്ത് ടൈര്‌റന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് 15 കോടിക്ക് സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ 17.5 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കൈമാറിയാണ് ഹര്‍ദിക്കിനെ സ്വന്തമാക്കിയത്.

2022ലാണ് ഗുജറാത്ത് ടീം ഐ.പി.എല്ലില്‍ ഇടം കണ്ടെത്തുന്നത്. ആദ്യ സീസണില്‍ തന്നെ ഹര്‍ദിക്കിന്റെ മികച്ച ക്യാപ്റ്റന്‍സിയില്‍ ജി.ടി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് അവിടം കൊണ്ടും നിര്‍ത്തിയില്ലായിരുന്നു. 2023 ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തി അവര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനോടായിരുന്നു ജി.ടിയുടെ തോല്‍വി.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡുകളില്‍ ഒന്നായിരുന്നു ഹര്‍ദിക്കിന്റെത്. ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് ഹര്‍ദിക്ക് പോയതിനെ കുറിച്ച് സംസാരിക്കുകയാണ് ജി.ടി ടീം ഡയറക്ടര്‍ വിക്രം സോളങ്കി.
ജി.ടിക്ക് വേണ്ടി രണ്ട് അതിശയകരമായ സീസണുകള്‍ നല്‍കിയതിന് പാണ്ഡ്യയെ സോളങ്കി പ്രശംസിച്ചു.

‘ഹര്‍ദിക്കിന്റെ നേതൃത്വത്തില്‍ ജി.ടി ആദ്യ സീസണില്‍ തന്നെ കിരീടം നേടുകയും രണ്ടാം സീസണില്‍ ഫൈനല്‍ വരെ എത്തുകയും ചെയ്തിരുന്നു,’ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ വിക്രം സോളങ്കി സംസാരിച്ചു.

കൂടാതെ മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും ചേരാന്‍ പാണ്ഡ്യ ഏറെ ആഗ്രഹിച്ചു എന്നും സോളങ്കി വെളിപ്പെടുത്തി.

‘ഞങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നു, അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങളില്‍ എല്ലാവിധ ആശംസകളും നേരുന്നു. തന്റെ യഥാര്‍ത്ഥ ടീമായ മുംബൈ ഇന്ത്യന്‍സ് ലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു,’സോളങ്കി കൂട്ടിച്ചേര്‍ത്തു.

പാണ്ഡ്യ പോയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

Content Highlight: Gujarat Titans Team Director Vikram Solanki is talking about Hardik leaving Gujarat for Mumbai