| Saturday, 22nd April 2023, 7:40 pm

നൂറ്റാണ്ടിന്റെ അട്ടിമറി; നാണക്കേടിന്റെ അങ്ങേയറ്റം, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തലയില്‍ മുണ്ടിടേണ്ട അവസ്ഥയില്‍ ലഖ്‌നൗ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ഏറ്റവും വലിയ അട്ടിമറി വിജയത്തിനാണ് ലഖ്‌നൗവിലെ ഏകാന സ്‌പോര്‍ട്‌സ് സിറ്റി വേദിയായത്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തോല്‍വിയുടെ അപമാനഭാരത്തിനൊപ്പം ഏറ്റവും വലിയ നാണക്കേടും പേറിയാണ് ലഖ്‌നൗ പരാജയമേറ്റുവാങ്ങിയത്.

വിജയിക്കുമെന്ന് ഉറപ്പായ മത്സരമാണ് ലഖ്‌നൗ കൊണ്ടുപോയി തുലച്ചത്. 136 റണ്‍സിന്റെ താരതമ്യേന ചെറിയ സ്‌കോറായിട്ടുകൂടിയും ബൗളര്‍മാരുടെ കരുത്തിലാണ് ഗുജറാത്ത് ഈ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്തത്.

ഒരുവേള എട്ട് വിക്കറ്റ് കയ്യിലിരിക്കെ 30 പന്തില്‍ നിന്നും വിജയിക്കാന്‍ 30 റണ്‍സ് മാത്രം മതിയെന്നിരിക്കെയാണ് ലഖ്‌നൗ പരാജയം ചോദിച്ചുവാങ്ങിയത്.

പരിചയസമ്പന്നരായ മോഹിത് ശര്‍മക്കും മുഹമ്മദ് ഷമിക്കുമൊപ്പം യുവതാരമായ നൂര്‍ അഹമ്മദും ജയന്ത് യാദവും ചേര്‍ന്നാണ് അവസാന ഓവറുകളില്‍ ലഖ്‌നൗവിനെ പിടിച്ചുകെട്ടിയത്.

അവസാന അഞ്ച് ഓവറില്‍ വിജയിക്കാന്‍ 30 റണ്‍സ് മാത്രം മതിയെന്നിരിക്കെ 16ാം ഓവര്‍ എറിയാനെത്തിയ ജയന്ത് യാദവാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആ ഓവറില്‍ പിറന്നത് വെറും മൂന്ന് റണ്‍സ് മാത്രമാണ്.

നൂര്‍ അഹമ്മദ് എറിഞ്ഞ 17ാം ഓവറില്‍ പിറന്നത് വെറും നാല് റണ്‍സാണ്. 5d താരമായ നിക്കോളാസ് പൂരന്റെ വിക്കറ്റും ആ ഓവറില്‍ പിറന്നിരുന്നു.

മോഹിത് ശര്‍മയെറിഞ്ഞ 18ാം ഓവറില്‍ ആറ് സിംഗിളുകള്‍ മാത്രം പിറന്നപ്പോള്‍ ഷമിയെറിഞ്ഞ 19ാം ഓവറില്‍ പിറന്നത് വെറും അഞ്ച് റണ്‍സ്.

അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സ് മാത്രം മതിയെന്നിരിക്കെ പാണ്ഡ്യ പന്ത് മോഹിത്തിനെ ഏല്‍പിക്കുകയായിരുന്നു. ആദ്യ പന്തില്‍ ഡബിളോടിയ രാഹുല്‍ സ്‌ട്രൈക്ക് നിലനിര്‍ത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ രാഹുലിനെ മടക്കിയ മോഹിത് സന്ദര്‍ശകര്‍ക്ക് ബ്രേക് ത്രൂ നല്‍കി.

മൂന്നാം പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ ആയുഷ് ബദോനി റണ്‍ ഔട്ടായി. അവസാന രണ്ട് പന്തില്‍ വിജയിക്കാന്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെ അഞ്ചാം പന്തില്‍ മറ്റൊരു റണ്‍ ഔട്ട് കൂടി പിറന്നു. അവസാന പന്തില്‍ റണ്‍സൊന്നും പിറക്കാതെ വന്നപ്പോള്‍ ഗുജറാത്ത് ഏഴ് റണ്‍സിന്റെ വിജയം ആഘോഷിച്ചു.

2, W, W, W+1, W+1, 0 എന്നിങ്ങനെയാണ് അവസാന ഓവറില്‍ മോഹിത് പന്തെറിഞ്ഞത്.

സീസണില്‍ ടൈറ്റന്‍സിന്റെ നാലാം വിജയമാണിത്. ആറ് മത്സരത്തില്‍ നിന്നും എട്ട് പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ടൈറ്റന്‍സ്.

Content Highlight: Gujarat Titans with a thrilling win against Lucknow Super Giants

We use cookies to give you the best possible experience. Learn more