ഐ.പി.എല്‍ 2023ലെ 51ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് പടുകൂറ്റന്‍ ടോട്ടല്‍. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തിലാണ് ടൈറ്റന്‍സ് എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സ്വപ്‌നതുല്യമായ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. നേരിട്ട ആദ്യ പന്ത് മുതല്‍ തന്നെ വെടിക്കെട്ട് തുടങ്ങിയ വൃദ്ധിമാന്‍ സാഹയും ശുഭ്മന്‍ ഗില്ലും ലഖ്‌നൗ ബൗളര്‍മാര്‍ക്ക് മേല്‍ പടര്‍ന്നുകയറി.
142 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ലഖ്‌നൗവിന് വേണ്ടി പന്തെറിഞ്ഞ എല്ലാവരും തന്നെ സാഹയുടെയും ഗില്ലിന്റെയും ബാറ്റിന്റെ ചൂടറിഞ്ഞു.
43 പന്തില്‍ നിന്നും 81 റണ്‍സ് നേടിയ സാഹയുടെ വിക്കറ്റാണ് ടൈറ്റന്‍സിന് ആദ്യം നഷ്ടമായത്. പത്ത് ബൗണ്ടറിയും നാല് സിക്‌സറുമാണ് സാഹയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
സാഹ പുറത്തായ ശേഷവും ഗില്‍ വെടിക്കെട്ട് തുടര്‍ന്നുകൊണ്ടിരുന്നു. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെയും പിന്നാലെയെത്തിയ ഡേവിഡ് മില്ലറിനെയും ഒപ്പം കൂട്ടിയാണ് ഗില്‍ റണ്ണടിച്ചുകൂട്ടിയത്. 51 പന്ത് നേരിട്ട് രണ്ട് ബൗണ്ടറിയും ഏഴ് സിക്‌സറും പറത്തി പുറത്താവാതെ 94 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്.
ഇരുവരുടെയും വെടിക്കെട്ടിന്റെ ബലത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് ടൈറ്റന്‍സ് നേടിയത്. ഐ.പി.എല്ലില്‍ ടീമിന്റെ ഏറ്റവുമുയര്‍ന്ന ടോട്ടലാണിത്.
ലഖ്‌നൗവിനായി പന്തെറിഞ്ഞ എല്ലാവരെയും മികച്ച രീതിയില്‍ ടൈറ്റന്‍സ് ബാറ്റര്‍മാര്‍ പെരുമാറി വിട്ടിരുന്നു. ഇതില്‍ സൂപ്പര്‍ താരം മൊഹ്‌സിന്‍ ഖാനും ഉള്‍പ്പെട്ടിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷം മടങ്ങി വരവ് ഗംഭീരമാക്കാനൊരുങ്ങിയ മൊഹ്‌സിനെ ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ തന്നെ പഞ്ഞിക്കിട്ടാണ് സാഹയും ഗില്ലും റണ്ണടിച്ചുകൂട്ടിയത്.
മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ഖാന്‍ വീഴ്ത്തിയത്. 14 ആണ് താരത്തിന്റെ എക്കോണമി. ആകെ വഴങ്ങിയ 42 റണ്‍സില്‍ 34 റണ്‍സും തന്റെ ആദ്യ രണ്ട് ഓവറില്‍ തന്നെയായിരുന്നു താരം വിട്ടുകൊടുത്തത്.
കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ ക്രുണാല്‍ പാണ്ഡ്യയാണ് ലഖ്‌നൗവിനെ നയിക്കുന്നത്. രണ്ട് പാണ്ഡ്യകളുടെ കൊമ്പുകോര്‍ക്കലിനാണ് ഗുജറാത്ത് വേദിയായത്.
ലഖ്‌നൗവിനെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫ് ഉപ്പിക്കാന്‍ ടൈറ്റന്‍സിന് സാധിക്കും.
Content highlight: Gujarat Titans with a massive total against Lucknow Super Giants