|

അങ്ങനെയെങ്കില്‍ ഗുജറാത്ത് നേരിട്ട് ഫൈനലില്‍ പ്രവേശിക്കും; പന്തെറിയാന്‍ സാധിക്കാതെ പോയാല്‍ മുംബൈക്ക് കണ്ണീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് മഴ ഭീഷണി. ഔട്ട്ഫീല്‍ഡില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ടോസ് വൈകിയിരിക്കുകയാണ്. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടോസ് 7.45നും മത്സരം 8 മണിക്കും ആരംഭിക്കും.

മത്സരത്തിനിടെ വീണ്ടും മഴയെത്തുകയാണെങ്കില്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കപ്പെട്ടേക്കും. അഥവാ മത്സരത്തില്‍ പന്തെറിയാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സ് നേരിട്ട് ഫൈനലില്‍ പ്രവേശിക്കും.

റിസര്‍വ് ഡേ ഇല്ലാത്തതിനാല്‍ മറ്റൊരു ദിവസം മത്സരം നടത്താനും സാധിക്കില്ല.

‘റിസര്‍വ് ഡേ ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍, മാച്ച് തീരുമാനിച്ചിരുന്ന ദിവസം തന്നെ നടത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ അഞ്ച് ഓവര്‍ മാച്ച് നടത്തും. ഈ മാച്ചും ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കാതെ വരികയാണെങ്കില്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സൂപ്പര്‍ ഓവര്‍ മത്സരം കളിക്കും. അതായത് പുലര്‍ച്ച 12.50ന് മുമ്പെങ്കിലും സൂപ്പര്‍ ഓവര്‍ മത്സരം നടത്താന്‍ പറ്റുന്ന സാഹചര്യമുണ്ടായിരിക്കണം.

സൂപ്പര്‍ ഓവര്‍ കളിക്കാനോ തടസ്സമില്ലാതെ സൂപ്പര്‍ ഓവര്‍ മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമോ ഉണ്ടാവുകയാണെങ്കില്‍ പോയിന്റ് ടേബിളില്‍ മുകളിലുള്ള ടീമിനെ പ്രസ്തുത മത്സരത്തിലെ വിജയികളായി പ്രഖ്യാപിക്കും,’ എന്നാണ് ഐ.പി.എല്‍ നിയമം വ്യക്തമാക്കുന്നത്.

ഇങ്ങനെ ഒരു സാഹചര്യമാണ് ഉടലെടുക്കുന്നതെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സ് നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കും.

ലീഗ് ഘട്ടത്തിലെ 14 മത്സരത്തില്‍ പത്തും വിജയിച്ച് 20 പോയിന്റോടെ പട്ടികയില്‍ ഒന്നാമതാണ് ഗുജറാത്ത് ടൈറ്റന്‍സ്. 14 മത്സരത്തില്‍ നിന്നും എട്ട് വിജയവുമായി നാലാമതായാണ് മുംബൈ പോയിന്റ് പട്ടികയില്‍ ഫിനിഷ് ചെയ്തത്.

Content Highlight: Gujarat Titans will be declared the winner if the qualifier does not take place