ഐ.പി.എല്ലിലെ പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് വീണ്ടും എയറിലാണ്. ഐ.പി.എല്‍ മെഗാലേലത്തിന്റെ സമയത്തും ട്രോളന്‍മാരുടെയും സോഷ്യല്‍ മീഡിയയുടെയും കളിയാക്കലിന് ടീം ഇരയായിരുന്നു.
എന്നാലിപ്പോള്‍ ‘എയറില്‍ കയറാന്‍ ഞങ്ങള്‍ റെഡിയാണ് മക്കളേ’ എന്ന മനോഭാവമാണ് ഗുജറാത്ത് ടീമിന് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ട്രോളുകളേറ്റുവാങ്ങാന്‍ മാത്രമാണ് ടീം പുതിയ അപ്‌ഡേറ്റുകള്‍ നല്‍കുന്നതെന്നാണ് അവര്‍ പറയുന്നത്.
ടീമിന്റെ ലോഗോ പുറത്തുവിട്ടതോടെയാണ് പുതിയ ട്രോളുകള്‍ ടീമിനെതിരെ ഉയരുന്നത്.
ആശിഷ് നെഹ്‌റയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും ഡിജിറ്റല്‍ അവതാറുകള്‍ വന്ന് ലോഗോ അവതരിപ്പിക്കുന്നതായാണ് ലോഗോ ലോഞ്ച് ഒരുക്കിയിട്ടുള്ളത്. 24 ന്യൂസിന്റെ ഓഗ്‌മെന്റഡ് റിയാലിറ്റിയെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു വീഡിയോ.
എന്നാല്‍ ട്വിറ്ററില്‍ വ്യാപക വിമര്‍ശനങ്ങളാണ് വീഡിയോയ്‌ക്കെതിരെ ഉയരുന്നത്. ഇതിലും നല്ലത് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും പോഗോയും ആണെന്നും ഇത് കണ്ട് 130 എം.ബി വെറുതെ കളഞ്ഞെന്നുമാണ് ആരാധകര്‍ പറയുന്നത്.
നേരത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ലോഗോ പുറത്തുവിട്ടപ്പോഴും ചെറിയ തോതിലുള്ള ട്രോളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ട്രോളിന്റെ മാരകമായ വേര്‍ഷനാണെന്നും സോഷ്യല്‍ മീഡിയ പറയുന്നത്.
ലോഗോ ലോഞ്ച് ഒരു പരാജയമാണെങ്കിലും ബി.ജി.എം ഒരു രക്ഷയുമില്ലെന്നും സോഷ്യല്‍ മീഡിയ ഒരേ സ്വരത്തില്‍ പറയുന്നു.
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജേസണ്‍ റോയ്, ലോക്കി ഫെര്‍ഗൂസണ്‍, അഭിനവ് സദരംഗനി, രാഹുല്‍ ടെവാതിയ, നൂര്‍ അഹമ്മദ്, ആര്‍ സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്‌സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കണ്ടെ, യഷ് ദയാല്‍, അല്‍സര്‍ ദയാല്‍, ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, മാത്യു വേഡ്, ഗുര്‍കീരത് സിംഗ്, വരുണ്‍ ആരോണ്‍, ബി. സായ് സുദര്‍ശന്‍ എന്നിവരാണ് ഗുജറാത്ത് നിരയില്‍ പടയ്ക്കിറങ്ങുന്നത്.
ഏപ്രില്‍ 2നാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്. ജൂണ്‍ മൂന്നിനാണ് കലാശപ്പോരാട്ടം.
Content highlight: Gujarat Titans Unveil Team Logo In Metaverse