മുംബൈയുടെ പതിനേഴര കോടിക്കാരനെ നെരിവട്ടം തല്ലി; അവസാന നാല് ഓവറില്‍ കണ്ണില്‍ കണ്ടവരെ മുഴുവന്‍ തല്ലി; പ്യുവര്‍ എന്റര്‍ടെയ്ന്‍മെന്റുമായി ടൈറ്റന്‍സ്
IPL
മുംബൈയുടെ പതിനേഴര കോടിക്കാരനെ നെരിവട്ടം തല്ലി; അവസാന നാല് ഓവറില്‍ കണ്ണില്‍ കണ്ടവരെ മുഴുവന്‍ തല്ലി; പ്യുവര്‍ എന്റര്‍ടെയ്ന്‍മെന്റുമായി ടൈറ്റന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th April 2023, 9:56 pm

ഐ.പി.എല്‍ 2023ലെ 35ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

അര്‍ധ സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്ലും തകര്‍പ്പന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ ഡേവിഡ് മില്ലറും അഭിനവ് മനോഹറും കാമിയോ ഇന്നിങ്‌സുമായി തിളങ്ങിയ രാഹുല്‍ തേവാട്ടിയയുമാണ് ടൈറ്റന്‍സ് സ്‌കോര്‍ 207ല്‍ എത്തിച്ചത്.

 

34 പന്തില്‍ നിന്നും ഗില്‍ 56 റണ്‍സ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ 22 പന്തില്‍ നിന്നും 46 റണ്‍സും അഭിനവ് മനോഹര്‍ 21 പന്തില്‍ നിന്നും 42 റണ്‍സും നേടി.

അഞ്ച് പന്തില്‍ നിന്നും 20 റണ്‍സ് നേടിയാണ് രാഹുല്‍ തേവാട്ടിയ തരംഗമായത്. മില്ലറും മനോഹറും തേവാട്ടിയയും ചേര്‍ന്ന് പത്ത് സിക്‌സറുകളാണ് അടിച്ചുകൂട്ടിയത്.

അവസാന നാല് ഓവറില്‍ ടൈറ്റന്‍സ് ബാറ്റര്‍മാര്‍ ഗോഡ് മോഡിലേക്ക് ഗിയര്‍ മാറ്റിയിരുന്നു. 16 ഓവര്‍ പിന്നിടുമ്പോള്‍ 137ന് നാല് എന്ന നിലയില്‍ നിന്നുമാണ് 20 ഓവറില്‍ 207 എന്ന നിലയിലേക്ക് ടൈറ്റന്‍സ് സ്‌കോര്‍ ഉയര്‍ന്നത്. ഇതില്‍ എടുത്ത് പറയേണ്ടത് കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 18ാം ഓവറാണ്.

മൂന്ന് സിക്‌സറുകളടക്കം 22 റണ്‍സാണ് ഗ്രീനിന്റെ ഓവറില്‍ പിറന്നത്. ഗ്രീനിന്റെ ആദ്യ പന്തില്‍ സിംഗിള്‍ നേടിയ ഡേവിഡ് മില്ലര്‍ അഭിനവ് മനോഹറുമൊത്തുള്ള 50 റണ്‍സിന്റെ കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം പന്തിലും മൂന്നാം പന്തിലും മനോഹര്‍ ഗ്രീനിനെ സിക്‌സറിന് തൂക്കിയപ്പോള്‍ അവസാന പന്തില്‍ മില്ലറും സിക്‌സര്‍ നേടി.

മുംബൈക്കായി പന്തെറിഞ്ഞവരില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. രണ്ട് ഓവറില്‍ വെറും ഒമ്പത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് താരം വീഴ്ത്തി.

നാല് ഓവര്‍ പന്തെറിഞ്ഞ റൈലി മെറെഡിത് 49 റണ്‍സ് വഴങ്ങിയപ്പോള്‍ ജേസണ്‍ ഹെഹ്രന്‍ഡോര്‍ഫ് 37 റണ്‍സും കുമാര്‍ കാര്‍ത്തികേയ 39 റണ്‍സും വഴങ്ങി. വെറും രണ്ട് ഓവറില്‍ 39 റണ്‍സ് വഴങ്ങിയാണ് ഗ്രീന്‍ ചെണ്ടയായത്.

മറുപടി ബാറ്റിങ്ങിനിറങ്ങി മുംബൈ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ആറ് റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. എട്ട് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് രോഹിത് മടങ്ങിയത്.

ഒമ്പത് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി ഇഷാന്‍ കിഷനും രണ്ട് പന്തില്‍ നിന്നും ഒരു റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.

 

Content highlight: Gujarat Titans scores 207 against Mumbai Indians