ഇതിലും വലിയ തിരിച്ചടി ഗുജറാത്ത് ടൈറ്റന്‍സിന് കിട്ടാനില്ല...
IPL
ഇതിലും വലിയ തിരിച്ചടി ഗുജറാത്ത് ടൈറ്റന്‍സിന് കിട്ടാനില്ല...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th April 2022, 1:45 pm

ഐ.പി.എല്‍ 2022 അവസാനിക്കുന്നതോടെ ടീം വിടാനൊരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ് മെന്ററും ബാറ്റിംഗ് കോച്ചുമായ ഗാരി കിര്‍സ്റ്റണ്‍. ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതിനായാണ് കിര്‍സ്റ്റണ്‍ ടൈറ്റന്‍സ് ഉപേക്ഷിക്കുന്നത്.

കഴിഞ്ഞ ആഴ്ച തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) പരിശീലക സ്ഥാനത്തേക്ക് കിര്‍സ്റ്റണെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ ടൈറ്റന്‍സുമായി കരാറുള്ളതിനാല്‍ ഇ.സി.ബിയുടെ ക്ഷണവുമായി മുന്നോട്ട് പോകാതിരിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഐ.പി.എല്ലിന്റെ ഈ സീസണ്‍ കഴിയുന്ന അന്ന് തന്നെ കിര്‍സ്റ്റണ്‍ ടൈറ്റന്‍സുമായുള്ള കരാര്‍ അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് സൂചന.

ജൂണ്‍ രണ്ടിന് ന്യൂസിലാന്‍ഡുമായി ടെസ്റ്റ് നടക്കുന്ന ടീമിനെ പരിശീലിപ്പിക്കാനാണ് കിര്‍സ്റ്റണ്‍ ഒരുങ്ങുന്നത്. അതായത് ഐ.പി.എല്‍ ഫൈനലിന് ശേഷം കൃത്യം നാല് ദിവസം കഴിഞ്ഞാണ് ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് പരമ്പര.

ഒരുപക്ഷേ ഗുജറാത്ത് നേരത്തെ പുറത്താവുകയാണെങ്കില്‍ കിര്‍സ്റ്റണ് നേരത്തെ പോകാനും ഇംഗ്ലണ്ട് ടീമിനെ കൂടുതല്‍ അറിയാനും സാധിക്കും. എന്നാല്‍ നിലവിലെ സ്ഥിതിയനുസരിച്ച് പ്ലേ ഓഫില്‍ കടക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമാണ് ഗുജറാത്ത്.

നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും ആറ് ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ടൈറ്റന്‍സ്. ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരത പുലര്‍ത്തുന്ന ടൈറ്റന്‍സിന് കിരീട സാധ്യതയും ചില അനലിസ്റ്റുകള്‍ കല്‍പിക്കുന്നുണ്ട്.

ബുധനാഴ്ചയാണ് ടൈറ്റന്‍സിന്റെ അടുത്ത മത്സരം. ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയവുമായി പോയിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സാണ് എതിരാളികള്‍.

Content highlight:  Gujarat Titans’s Coach Gary Kirsten to leave the team