വളരെ ആവേശകരമായ ഐ.പി.എല്‍ സീസണിനാണ് കഴിഞ്ഞ ദിവസം കര്‍ട്ടന്‍ വീണത്. ഏറ്റവും നന്നായി കളിച്ച ഗുജറാത്ത് ടൈറ്റന്‍സായിരുന്നു ഇത്തവണ കിരീടമണിഞ്ഞത്.
ഐ.പി.എല്ലില്‍ തുടക്കക്കാരായിട്ടുകൂടി അതിന്റെ യാതൊരു സമര്‍ദ്ദവുമില്ലാതെയായിരുന്നു ഹര്‍ദിക്ക് പാണ്ഡ്യയും കളിച്ചത്. റണ്ണര്‍ അപ്പായ രാജസ്ഥാന്‍ റോയല്‍സിനെ മൂന്ന് കളികളിലാണ് ഗുജറാത്ത് തകര്‍ത്തത്.
ജയിച്ചതിന് ശേഷം ഗുജറാത്ത് ടൈറ്റന്‍സ് നേരേ പോയത് ട്വിറ്ററിലേക്കാണ്. ഐ.പി.എല്‍ ഫൈനല്‍ നടന്നതിന്റെ തൊട്ട് മുമ്പുള്ള ദിവസമായിരുന്നു യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍മാരാകുന്നത്.
യു.സി.എല്ലില്‍ 14ാം തവണയായിരുന്നു റയല്‍ കിരീമണിഞ്ഞത്. മത്സരം ജയിച്ചതിന് ശേഷം റയല്‍ ട്വിറ്ററില്‍ ‘ഞങ്ങള്‍ ഫൈനല്‍ കളിക്കുകയല്ല മറിച്ച് ജയിക്കുകയാണ്’ ചെയ്യുന്നതെന്ന് കുറിച്ചിരുന്നു. ഗുജറാത്ത് ഈ ട്വീറ്റിന് റിപ്ലൈയായി ‘അവര്‍ പറഞ്ഞതു തന്നെ ഞങ്ങളും ആവര്‍ത്തിക്കുന്നു’ എന്നാണ് ട്വീറ്റ് ചെയ്തത്.
ടൂര്‍ണമെന്റ് ആരംഭിച്ചപ്പോള്‍ ഇരു ടീമുകളും ഇത്തവണ ചാമ്പ്യന്‍മാരാകുമെന്ന് ആരും കരുതിയിരുന്നില്ല. ഒരു ശരാശരി ടീമായിരുന്നു ഗുജറാത്തിന്റേത്, റയലാണെങ്കില്‍ സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു.
എന്നാല്‍ മത്സരങ്ങള്‍ പുരോഗമിച്ചപ്പോള്‍ ഇരുവരും അവരുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് മറ്റ് ടീമുകളെ ഞെട്ടിച്ചു. എതിരാളികളെ കൊതിപ്പിച്ച് കടന്നുകളയല്‍ ഇരു ടീമുകളുടേയും ഹോബിയായിരുന്നു.
അവസാന ഓവറുകളില്‍ അടിച്ചുകൂട്ടി മത്സരങ്ങള്‍ ഫിനിഷ് ചെയത് ഗുജറാത്തും അവസാന മിനിറ്റുകളില്‍ ഗോളുകള്‍ നേടി റയല്‍ മാഡ്രിഡും ആരാധകരെ ഞെട്ടിച്ചിരുന്നു.
റയല്‍ യു.സി.എല്ലിലെ എക്കാലത്തേയും രാജക്കന്മാരായത് സ്ഥിരത കൊണ്ടാണ്. യു.സി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്‍മാരായതും റയല്‍തന്നെയാണ്. മത്സരിച്ച ആദ്യ സീസണില്‍ തന്നെ കിരീടം നേടിയ ഗുജറാത്തിന് സ്ഥിരത നിലനിര്‍ത്താനാകുമൊ എന്ന് വരും സീസണുകളില്‍ കണ്ടറിയണം.