| Sunday, 18th September 2022, 1:02 pm

നിങ്ങളുടെ തിയറികളെല്ലാം കൊള്ളാം അത് തുടരുക; ആരാധകരോട് ഗുജറാത്ത് ടൈറ്റന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ സീസണ്‍ ഇങ്ങെത്തുന്നതിന് മുമ്പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്റെ മിന്നും താരം ശുഭ്മന്‍ ഗില്ലിനെ സൂപ്പര്‍ കിങ്സ് റാഞ്ചിയെടുത്തെന്ന ഊഹാഭോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഡെബ്യൂ സീസണില്‍ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കിയതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ഗില്‍.

അടുത്ത വര്‍ഷം നടക്കാനിരുന്ന ഐ.പി.എല്ലിന് മുന്നോടിയായി രവീന്ദ്ര ജഡേജ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറാനിരിക്കുമ്പോഴാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഗില്ലിന്റെ വാര്‍ത്ത പരക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഗില്ലിന് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് കണ്ടതോടെയാണ് വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നത്.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ഹര്‍ദിക്ക് പാണ്ഡ്യയും മറ്റ് ടീം അംഗങ്ങളും ഈ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുന്നു എന്നുള്ളത് ആരാധകരില്‍ കൂടുതല്‍ ആകാംക്ഷയുണ്ടാക്കുകയും കൂടുതല്‍ ഊഹാഭോഹങ്ങള്‍ പ്രചരിക്കുകയും ചെയ്തു.

എന്നാല്‍ ആളുകളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി വീണ്ടും ഗുജറാത്ത് ടൈറ്റന്‍സിന്റെ ട്വീറ്റ് പുറത്തു വന്നിരിക്കുകയാണ്. ഗില്‍ എല്ലായിപ്പോഴും ടീമിന്റെ ഭാഗമായിരിക്കുമെന്നും നിങ്ങള്‍ ചിന്തിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നുമാണ് ട്വീറ്റില്‍ പറയുന്നത്.

‘ട്വിറ്റര്‍ ഉപഭോക്താക്കളെ, ശുഭ്മന്‍ ഗില്‍ എന്നും ഞങ്ങളുടെ ഭാഗമായിരിക്കും.
നിങ്ങള്‍ ചിന്തിക്കുന്നത് പോലെയല്ല കാര്യങ്ങള്‍, പക്ഷെ നിങ്ങളുടെ സിദ്ധാന്തങ്ങള്‍ ഇഷ്ടപ്പെട്ടു, ഇനിയും തുടരുക,’ ഗുജറാത്ത് ടൈറ്റന്‍സ് ട്വീറ്റ് ചെയ്തു.

അതേസമയം ഗുജറാത്ത് ടൈറ്റന്‍സിന്റെ ട്വീറ്റിന് മറുപടിയായി ഹൃദയ ചിഹ്നവും ഹഗ് ഇമോജികളും താരം കമന്റ് ചെയ്തിരുന്നു. ഓര്‍ക്കാന്‍ ഒരുപാട് സമ്മാനിച്ച യാത്രയായിരുന്നു ഇതെന്നും താങ്കളുടെ പുതിയ ഉദ്യമത്തിന് എല്ലാ ആശംസകളും നല്‍കുന്നു എന്നായിരുന്നു ഗില്ലിനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ട്വീറ്റ് ചെയ്തത്.

ഗില്‍ ചെന്നൈയിലെത്തുകയാണെങ്കില്‍ രവീന്ദ്ര ജഡേജ ഗുജറാത്തിന്റെ ഭാഗമാകുമെന്നാണ് പ്രചരിച്ചത്. ഐ.പി.എല്ലിന്റെ 16ാം സീസണിന് മുമ്പ് തന്നെ ജഡേജ ടീം വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്ന നീക്കമാണ് ഇപ്പോള്‍ സി.എസ്.കെയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ഐ.പി.എല്‍ 2022യില്‍ 132.33 പ്രഹര ശേഷിയില്‍ 483 റണ്‍സാണ് ശുഭ്മന്‍ ഗില്‍ അടിച്ചുകൂട്ടിയത്. നാല് അര്‍ധ സെഞ്ച്വറി നേടിയ ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 96 ആണ്. 51 ഫോറും 11 സിക്‌സറും താരം ഐ.പി.എല്‍ 2022ല്‍ സ്വന്തമാക്കിയിരുന്നു.

Content Highlight: Gujarat Titans Reply to Fan theories about Shubman Gill

Latest Stories

We use cookies to give you the best possible experience. Learn more