ഐ.പി.എല്‍ 2023ന്റെ ഫൈനല്‍ മത്സരത്തിന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം വേദിയാവുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കിയത്.
പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആദ്യ ആറ് ഓവറില്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റില്‍ നിന്നും 17 പന്തില്‍ 36 റണ്‍സ് പിറന്നപ്പോള്‍ 19 പന്തില്‍ നിന്നും 26 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും കരുത്തായി.
അതേസമയം, മഹീഷ് തീക്ഷണയെറിഞ്ഞ ആറാം ഓവറില്‍ 13 റണ്‍സ് പിറന്നതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ഗുജറാത്ത് ടൈറ്റന്‍സിനെ തേടിയെത്തിയത്. ഐ.പി.എല്ലിന്റെ ഫൈനലിലെ ഏറ്റവുമുയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ എന്ന ചരിത്രനേട്ടമാണ് ടൈറ്റന്‍സ് തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തത്.
കിരീടം നേടാനുള്ള ലക്ഷ്യത്തില്‍ ടൈറ്റന്‍സ് ഐ.പി.എല്‍ റെക്കോഡ് തന്നെ തിരുത്തിക്കുറിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ഓപ്പണര്‍മാരുടെ ഈ മികച്ച കൂട്ടുകെട്ടിനെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസ താരങ്ങളായ ഷോണ്‍ മൈക്കിള്‍സിനോടും ട്രിപ്പിള്‍ എച്ചിനോടുമാണ് ടൈറ്റന്‍സ് താരതമ്യം ചെയ്തത്. ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ ലെജന്‍ഡറി ഫാക്ഷനായ ഡി ജനറേഷന്‍ എക്‌സിലെ ട്രിപ്പിള്‍ എച്ചിന്റെയും ഷോണ്‍ മൈക്കിള്‍സിന്റെയും ചിത്രമാണ് ഗില്‍-സാഹ ഡുവോക്കൊപ്പം ടൈറ്റന്‍സ് പങ്കുവെച്ചത്.
അതേസമയം, 12 ഓവര്‍ പിന്നിടുമ്പോള്‍ 109 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ടൈറ്റന്‍സ്. 35 പന്തില്‍ നിന്നും 48 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും 17 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ സായ്‌സുദര്‍ശനുമാണ് ക്രീസില്‍.
Content Highlight: Gujarat Titans creates record setting powerplay score