| Sunday, 27th March 2022, 2:43 pm

ധോണിയും ഇങ്ങനെ തന്നെ ആയിരുന്നു, ഇവനും എവിടുന്നെങ്കിലും ഒന്ന് തുടങ്ങണ്ടേ; ഹര്‍ദിക്കിനെ കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നാണ് ഗുജറാത്ത് ടൈറ്റന്‍സ്. പുതിയ ടീമും പുതിയ നായകനും ചേര്‍ന്ന് ഐ.പി.എല്ലില്‍ ഒരു പുതിയ തുടക്കം കുറിക്കാനാണ് ഒരുങ്ങുന്നത്.

ഗുജറാത്തിനെ നയിക്കാനെത്തുന്നത് ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. നായകന്റെ റോളിലേക്ക് ആദ്യമായെത്തിയ ഹര്‍ദിക്കിനെ കുറിച്ചും അദ്ദേഹത്തിന്റെ ശൈലിയെ കുറിച്ചും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനുമായ ആശിഷ് നെഹ്‌റ.

കഴിഞ്ഞ സീസണുകളേക്കാള്‍ ഹര്‍ദിക്കിന് ഉത്തരവാദിത്തം കൂടുകയാണെന്നും, ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ നിന്നും സ്‌കിപ്പറുടെ സ്ഥാനത്തേക്ക് താരം വന്നിരിക്കുകയാണെന്നും നെഹ്‌റ പറയുന്നു.

ഹര്‍ദിക് ക്യാപ്റ്റനായി ഇതുവരെ ഒരു ടീമിനെയും നയിച്ചിട്ടില്ലെന്നും, എല്ലാവരും എവിടെ നിന്നെങ്കിലും തുടങ്ങണ്ടേ എന്നും അദ്ദേഹം ചോദിക്കുന്നു.

‘അവന്‍ ആദ്യമായി ഐ.പി.എല്‍ കളിക്കുന്നത് 2016ലാണ്. 2022ല്‍ എത്തി നില്‍ക്കുമ്പോള്‍ ഹര്‍ദിക് ഒരു ടീമിന്റെ ക്യാപ്റ്റനാണ്, അതിലുപരി ക്രിക്കറ്റിലെ ഏറ്റവും അറിയപ്പെടുന്ന ഒരു താരവുമാണ്. മുമ്പൊരിക്കലും അവന്‍ ക്യാപ്റ്റനായിട്ടില്ല.

ഒരു നാണയത്തിന് എപ്പോഴും രണ്ട് വശങ്ങളുണ്ട്. നിങ്ങള്‍ക്ക് വളരെ എക്‌സ്പീരിയന്‍സ്ഡ് ആയുള്ള ക്യാപ്റ്റനാണ് ഉള്ളതെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലാവും നടക്കുന്നത്. പക്ഷേ എല്ലാവരും എവിടെ നിന്നെങ്കിലും തുടങ്ങണ്ടേ,’ നെഹ്‌റ പറയുന്നു.

പാണ്ഡ്യയുടെ നായകനായുള്ള പരിചയ സമ്പത്തിന്റെ അഭാവം പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാവുമ്പോള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചു് പറഞ്ഞാണ് നെഹ്‌റ ഹര്‍ദിക്കിനെ പിന്തുണയ്ക്കുന്നത്.

മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് മുന്‍കാല പരിചയമുണ്ടായിരുന്നില്ലെന്നും, എന്നാല്‍ അദ്ദേഹം ഇന്ത്യയ്ക്ക് 2011ല്‍ ലോകകപ്പ് വരെ നേടി തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 28നാണ് ഗുജറാത്തിന്റെ ഐ.പി.എല്ലിലെ ആദ്യ മത്സരം. ടൂര്‍ണമെന്റിലെ കന്നിക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content Highlight: Gujarat Titans coach Ashish Nehra about Hardik Pandya

We use cookies to give you the best possible experience. Learn more