ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്മാരായി ഏവരെയും ഞെട്ടിച്ച ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. 2022ല്‍ ആദ്യമായി ഐ.പി.എല്‍ കളിക്കാനിറങ്ങിയ ടൈറ്റന്‍സ് ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം ചൂടി എല്ലാവരെയും ഞെട്ടിച്ചിരുന്നു. സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാനെ തോല്പിച്ചുകൊണ്ടാണ് ഗുജറാത്ത് ചാമ്പ്യന്മാരായത്. തങ്ങളുടെ രണ്ടാം സീസണിലും ടൈറ്റന്‍സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ചെന്നൈയോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
ഹാര്‍ദിക് മുംബൈയിലേക്ക് ചേക്കേറിയതിനാല്‍ ഈ സീസണില്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലാണ് മുന്‍ ചാമ്പ്യന്മാര്‍ ഇറങ്ങിയത്. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു ഈ സീസണില്‍ ടീം കാഴ്ച വെച്ചത്. 13 മത്സരങ്ങളില്‍ വെറും അഞ്ച് മത്സരം മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ഏഴ് മത്സരത്തില്‍ പരാജയം രുചിച്ചപ്പോള്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഈ സീസണില്‍ പുറത്താകുന്ന രണ്ടാമത്തെ ടീമായി ഗുജറാത്ത് മാറി.
എന്നാല്‍ അതിനെക്കാള്‍ ഗതികേടിലാണ് ടീമിപ്പോള്‍. ക്യാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായി ഒരു മത്സരത്തില്‍ ലാവണ്ടര്‍ ജേഴ്‌സിയില്‍ ഇറങ്ങാറുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും ടീം ലാവണ്ടര്‍ ജേഴ്‌സിയണിഞ്ഞ് മത്സരിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ ലാവണ്ടര്‍ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങാന്‍ ഇതുവരെ ടൈറ്റന്‍സിന് സാധിച്ചില്ല.
കൊല്ക്കത്തയുമായുള്ള മത്സരത്തില്‍ ലാവണ്ടര്‍ ജേഴ്‌സിയില്‍ കളിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴ കാരണം ഒരു പന്ത് പോലും എറിയാനാകാതെ കളി ഉപേക്ഷിച്ചിരുന്നു. ഇന്ന് ഹൈദരബാദിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലാവണ്ടര്‍ ജേഴ്‌സിയണിയുമെന്ന് അറിയിച്ചെങ്കിലും ഈ മത്സരവും മഴ കാരണം വൈകുകയാണ്.
ഹൈദരബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം കനത്ത മഴ കാരണം വൈകുകയാണ്. ഇടക്ക് മഴ ശമിച്ചെങ്കിലും വീണ്ടും ശക്തിയാര്‍ജിച്ചിരിക്കുകയാണ്. പ്ലേ ഓഫ് പ്രതീക്ഷയില്‍ നില്‍ക്കുന്ന സണ്‍റൈസേഴ്‌സിന് ഇനിയുള്ള രണ്ട് മത്സരവും നിര്‍ണായകമാണ്.
ഈ മത്സരം മഴ കാരണം ഉപേക്ഷിച്ചാല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ സാധിക്കും. അതേ സമയം മത്സരം നടക്കുന്നുണ്ടെങ്കില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഓറഞ്ച് ആര്‍മി പ്രതീക്ഷിക്കുന്നില്ല. പഞ്ചാബ് കിങ്‌സിനെതിരെ ഞായറാഴ്ചയാണ് സണ്‍റൈസേഴ്‌സിന്റെ അവസാന മത്സരം.
Content Highlight: Gujarat Titans cannot wear Lavender jersey in this season