| Monday, 30th May 2022, 10:12 am

ഒരു നോ ബോള്‍ ഇല്ല, ഒരു വൈഡ് പോലുമില്ല, വല്ലാത്ത ജാതി ആളുകള്‍ തന്നെയെടോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് മുട്ടുകുത്തിച്ചാണ് തങ്ങളുടെ ആദ്യ സീസണില്‍ തന്നെ കിരീടത്തില്‍ മുത്തമിട്ടത്.

രാജസ്ഥാന്‍ ബാറ്റിംഗ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞുമുറുക്കിയായിരുന്നു ടൈറ്റന്‍സ് മത്സരത്തില്‍ ആധിപത്യം സ്വന്തമാക്കിയത്. എണ്ണം പറഞ്ഞ സ്‌പെല്ലുകളെറിഞ്ഞ് അവര്‍ രാജസ്ഥാന്‍ ബാറ്റിംഗ് നിരയെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു.

ബൗളര്‍മാരായിരുന്നു ഫൈനല്‍ മത്സരം ടൈറ്റന്‍സിന് സമ്മാനിച്ചത് എന്ന് നിസ്സംശയം തന്നെ പറയാം. ബൗളര്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യം ഇത്രത്തോളം മികച്ചതാക്കിയ മത്സരം വേറെയുണ്ടോ എന്ന കാര്യം സംശയമാണ്.

കേവലം രണ്ട് റണ്‍സ് മാത്രമാണ് ടൈറ്റന്‍സ് രാജസ്ഥാന് വെറുതെ നല്‍കിയത്, അത് രണ്ടും ലെഗ് ബൈയും. ഒരൊറ്റ വൈഡെറിയാതെ, ഒറ്റ നോ ബോള്‍ പോലും വഴങ്ങാതെയാണ് ടൈറ്റന്‍സ് 120 ഡെലിവറികള്‍ എറിഞ്ഞു തീര്‍ത്തത്.

ആറ് ബൗളര്‍മാര്‍ ചേര്‍ന്നാണ് രാജസ്ഥാനെ നിരന്തരം പ്രഹരിച്ചതെന്ന് ചിന്തിക്കുമ്പോഴാണ് ഒരു നോ ബോളോ വൈഡോ എറിയാതെ പിടിച്ചുനിന്നത് എന്ന കാര്യവും ശ്രദ്ധേയമാകുന്നത്.

നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ഉപനായകന്‍ റാഷിദ് ഖാനും സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയും നാലോവര്‍ വീതമെറിഞ്ഞപ്പോള്‍ മൂന്ന് വീതമെറിഞ്ഞ് യഷ് ദയാലും ലോക്കി ഫെര്‍ഗൂസനും രണ്ടോവര്‍ എറിഞ്ഞ് സായി കിഷോറും കരുത്ത് കാട്ടി.

നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബട്‌ലറിന്റെയും രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിന്റെയും ഹാര്‍ഡ് ഹിറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയുമടക്കം 3 വിക്കറ്റ് സ്വന്തമാക്കിയ ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക്കാണ് മത്സരം ഗുജറാത്തിന് അനുകൂലമാക്കിയത്.

റാഷിദ് ഖാന്‍ 18 റണ്ണിന് ഒരു വിക്കറ്റും സായി കിഷോര്‍ 20 റണ്ണിന് 2 വിക്കറ്റും സ്വന്തമാക്കി. ഷമിയും യഷും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

വിക്കറ്റൊന്നും നേടിയില്ലെങ്കിലും സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറിയുടെ റെക്കോഡ് ഉമ്രാന്‍ മാലിക്കിനെ മറികടന്ന് സ്വന്തം പേരിലാക്കിയാണ് ലോക്കി ഫെര്‍ഗൂസന്‍ ഹീറോ ആയത്.

ബൗളര്‍മാര്‍ക്കൊപ്പം ബാറ്റര്‍മാറും തിളങ്ങുകയും രാജസ്ഥാന്റെ ഫീല്‍ഡിംഗ് പിഴവുകളും കൂടി ആയപ്പോഴാണ് റോയല്‍സിന്റെ പതനം പൂര്‍ത്തിയായത്.

Content Highlight: Gujarat Titans bowlers with incredible spell without conceding a single no ball or wide

We use cookies to give you the best possible experience. Learn more