| Saturday, 30th April 2022, 11:23 pm

കളിക്കളത്തില്‍വെച്ച് അഭിനന്ദിച്ച് ഷമി; പ്രകീര്‍ത്തിച്ച് ഗുജറാത്ത്; ട്വിറ്ററില്‍ ട്രന്റിംഗില്‍; കോഹ്‌ലിയുടെ തിരിച്ചുവരവ് ആഘോഷമാക്കി ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളുമായി കളംനിറഞ്ഞൊരു കോഹ്‌ലിയുണ്ട് ആരാധകരുടെ മനസില്‍. ഐ.പി.എല്ലിലും കോഹ്‌ലി മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. എന്നാല്‍ ഐ.പി.എല്‍ 2022ലെ ഇതുവരെ നടന്ന രണ്ട് മത്സരത്തിലൊഴികെ മറ്റെല്ലാ കളിയിലും കോഹ്ലി പരാജയമായിരുന്നു.

പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ 29 പന്തില്‍ നിന്നും പുറത്താവാതെ 41 റണ്‍സ് നേടിയ കോഹ്ലി മുംബൈയ്ക്കെതിരെയും അതേ മികവ് ആവര്‍ത്തിച്ചു. 36 പന്തില്‍ നിന്നും 46 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

മറ്റെല്ലാ മത്സരത്തിലും താരം റണ്‍ കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു. ടി-20 സ്പെഷ്യലിസ്റ്റ് ബാറ്ററായ കോഹ്‌ലിയില്‍ നിന്നും ഇതൊന്നുമല്ല ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 8 മത്സരത്തില്‍ നിന്നും കേവലം 14.87 ശരാശരിയില്‍ 119 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടുമിക്ക റണ്‍ റെക്കോര്‍ഡുകളും തച്ചുതകര്‍ത്ത കോഹ്‌ലിക്ക് ഇതെന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്നാല്‍ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കോഹ്‌ലി വീണ്ടും ഫോമിലേക്കെത്തിയത് ആഘോഷമാക്കുകയാണ് ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‌സിനെതിരായ മത്സരത്തില്‍ താരത്തിന്റെ 43 ആം അര്‍ധസെഞ്ച്വറി ഏറ്റെടുത്ത് ആരാധകരും മുന്‍ താരങ്ങളും എത്തിയതോടെ ട്വിറ്ററില്‍ വിരാട് കോഹ്‌ലി എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി.

അര്‍ധ സെഞ്ച്വറി നേടിയ കോഹ്‌ലിയെ കളിക്കളത്തില്‍ വെച്ച് തന്നെ അഭിനന്ദിച്ച് ഗുജറാത്ത് ബൗളര്‍ മുഹമ്മദ് ഷമിയെത്തിയതും ആരാധകരുടെ മനംനിറച്ചു. ഫോമിലേക്ക് തിരിച്ചെത്തി കോഹ്ലിയെ വിക്കറ്റിന് മുന്നില്‍ കുരുക്കിയതും മുഹമ്മദ് ഷമി തന്നെയാണ്. 53 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പടെ 58 റണ്‍സാണ് കോഹ്‌ലി നേടിയത്.

ഗുജറാത്ത് ടൈറ്റന്‍സും കോഹ്‌ലയുടെ അര്‍ധ സെഞ്ച്വറിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ‘നിങ്ങളൊരു ക്രിക്കറ്റ് ആരാധകനാണെങ്കില്‍ നിങ്ങളിത് ഇഷ്ടപ്പെടും, ഏത് ടീമിനെ സപ്പോര്‍ട്ട് ചെയ്താലും’ എന്നായിരുന്നു കോഹ്‌ലിയുടെ
പ്രകടനത്തെക്കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സിന്റെ ട്വീറ്റ്.

അതേസമയം, മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഗുജറാത്ത് ടൈറ്റന്‍സ് ആറു വിക്കറ്റിന് തകര്‍ത്തു.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കേ ഗുജറാത്ത് മറികടക്കുകയായിരുന്നു.

CONTENT HIGHLIGHT: Gujarat Titans bowler Mohammad Shami congratulates Kohli on his half-century on the field

We use cookies to give you the best possible experience. Learn more