ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് സീസണിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു.
അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 19.1 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഗുജറാത്ത് ടൈറ്റന്‍സിനെ തേടിയെത്തിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 25 മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന നേട്ടമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 36 മത്സരങ്ങളില്‍ നിന്നുമാണ് ഗുജറാത്ത് ഈ നേട്ടം സ്വന്തമാക്കിയത്. 40 മത്സരങ്ങളില്‍ നിന്നും 25 മത്സരം വിജയിച്ച രാജസ്ഥാന്‍ റോയല്‍സിനെ മറികടന്നാണ് ഗില്ലും കൂട്ടരും ഈ നേട്ടം സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 25 മത്സരങ്ങള്‍ വിജയിച്ച ടീം, മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍
ഗുജറാത്ത് ടൈറ്റന്‍സ്-36
രാജസ്ഥാന്‍ റോയല്‍സ്-40
ചെന്നൈ സൂപ്പര്‍ കിങ്‌സ്-45
മുംബൈ ഇന്ത്യന്‍സ്-45
മത്സരത്തില്‍ ഹൈദരാബാദ് ബാറ്റിങ്ങില്‍ അബ്ദുല്‍ സമദ് 14 പന്തില്‍ 29 റണ്‍സും അഭിഷേക് ശര്‍മ 20 പന്തില്‍ 29 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഗുജറാത്ത് ബൗളിങ്ങില്‍ മോഹിത് ശര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി സായ് സുദര്‍ശന്‍ 36 പന്തില്‍ 45 റണ്‍സും നായകന്‍ ശുഭ്മന്‍ ഗില്‍ 28 പന്തില്‍ 36 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ഏപ്രില്‍ നാലിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയം ആണ് വേദി. മറുഭാഗത്ത് ഏപ്രില്‍ അഞ്ചിന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.