| Saturday, 26th February 2022, 10:04 pm

മോദിക്കെതിരായ കമന്റ്; രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ മാര്‍ച്ച് 16ന് കോടതി വിധി പറയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറത്ത്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്തിലെ കോടതി മാര്‍ച്ച് 16ന് വിധി പറയും.

2019ല്‍ ഗുജറാത്ത് ബി.ജെ.പി എം.എല്‍.എ പര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടക്കേസിന്മേലാണ് കോടതി വിധി പറയാനിരിക്കുന്നത്.

മോദിയുടെ കുടുംബപ്പേര് സംബന്ധിച്ച് രാഹുല്‍ നടത്തിയ പ്രസ്താവനയിന്മേലായിരുന്നു ബി.ജെ.പി എം.എല്‍.എ കേസ് ഫയല്‍ ചെയ്തത്.

”നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എങ്ങനെയാണ് ഇവര്‍ക്കെല്ലാവര്‍ക്കും മോദി എന്നത് പൊതുവായ കുടുംബപ്പേരായി മാറിയത്.

എങ്ങനെയാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പൊതു കുടുംബപ്പേര് ഉണ്ടാകുന്നത്,” എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുലിന്റെ കമന്റ്.

ഇതിന് പിന്നാലെ ഐ.പി.സി സെക്ഷന്‍ 499, 500 എന്നീ വകുപ്പുകളിന്മേല്‍ രാഹുലിനെതിരെ പര്‍ണേഷ് മോദി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

മൊത്തം മോദി കമ്യൂണിറ്റിയെയും രാഹുല്‍ തന്റെ പ്രസംഗത്തിലൂടെ അപമാനിച്ചു എന്നായിരുന്നു പര്‍ണേഷ് മോദി പറഞ്ഞത്.

2019 ഒക്ടോബറില്‍ കേസിലെ വിചാരണക്ക് വേണ്ടി കോടതിയില്‍ ഹാജരായ രാഹുല്‍, തന്റെ പ്രസ്താവനയില്‍ കുറ്റബോധം തോന്നുന്നില്ല, എന്നും കോടതിയില്‍ പറഞ്ഞിരുന്നു.


Content Highlight: Gujarat Surat court to deliver verdict in defamation case against Rahul Gandhi on March 16

We use cookies to give you the best possible experience. Learn more