| Thursday, 12th September 2024, 4:13 pm

അനുവാദമില്ലാതെ വിദ്യാർത്ഥികളെ ബി.ജെ.പി അംഗങ്ങളായി ചേർത്തു; ഗുജറാത്തിൽ സ്കൂൾ പ്രിൻസിപ്പലിന് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗർ: വിദ്യാർത്ഥികളുടെ അനുവാദമില്ലാതെ രക്ഷിതാക്കളുടെ ഫോൺ ഉപയോഗിച്ച് വിദ്യാർത്ഥികളെ ബി.ജെ.പി അംഗങ്ങളായി ചേർത്ത സ്കൂൾ പ്രിൻസിപ്പലിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നോട്ടീസ്. ഗുജറാത്തിലെ അനീന്ദ്ര ഗ്രാമത്തിലെ എം.ആർ ഗാർഡി സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനാണ് നോട്ടീസ് ലഭിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ ക്ലാസ്-ടു ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ ആഴ്‌ച ആദ്യം ഒരു പരിപാടിയിൽ പങ്കെടുക്കാനെന്ന വ്യാജേനെ വിദ്യാർത്ഥികളോട് മാതാപിതാക്കളുടെ മൊബൈൽ ഫോണുകൾ കൊണ്ടുവരാൻ പ്രിൻസിപ്പൽ നിർദേശിക്കുകയായിരുന്നു. തുടർന്ന് സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശീയ പതാകകൾ കൈമാറുകയും അവരുടെ മാതാപിതാക്കളുടെ ഫോണിലൂടെ ബി.ജെ.പി അംഗങ്ങളായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. അംഗത്വം എടുക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളുടെ ഫോട്ടോ എടുക്കുകയും ചെയ്തു.

സംസ്ഥാനത്ത് ബി.ജെ.പിക്ക് രണ്ട് കോടി അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ജലശക്തി മന്ത്രിയുമായ സി.ആർ പാട്ടീൽ ആയിരുന്നു പദ്ധതി ആരംഭിച്ചത്. പാർട്ടിയുടെ ‘സദസ്യത അഭിയാൻ 2024’ എന്ന പദ്ധതി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിൽ ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ അംഗത്വം എടുത്തത്.

സർക്കാർ വിദ്യാഭ്യാസ ആപ്പ് ഡൗൺലോഡ് ചെയ്യാനാണ് ഫോണുകൾ ശേഖരിച്ചതെന്ന് അവകാശപ്പെട്ട് സ്‌കൂൾ പ്രിൻസിപ്പൽ മുകേഷ് നിമാവത് തന്റെ നടപടിയെ ന്യായീകരിച്ചു. ഔദ്യോഗിക പാർട്ടി അംഗത്വം ബൂത്ത് തലത്തിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്നും സംഭവത്തിൽ പങ്കില്ലെന്നും ബി.ജെ.പി നേതാവ് കെ.സി പട്ടേൽ അവകാശപ്പെട്ടു. 18 വയസിന് താഴെയുള്ളവർക്ക് പാർട്ടിയിൽ അംഗത്വം എടുക്കാൻ സാധിക്കില്ലെന്നും പട്ടേൽ പറഞ്ഞു.

വരാനിരിക്കുന്ന അധ്യാപക യൂണിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിന്തുണ നേടാനായി അധ്യാപകരെ ബി.ജെ.പി ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് ഡോ. മനീഷ് ദോഷി ആരോപിച്ചു.

‘അനീന്ദ്ര ഗ്രാമത്തിലെ സെക്കൻഡറി സ്കൂൾ ഇത്തരമൊരു സംഭവം ചെയ്‌തെന്ന് അറിഞ്ഞപ്പോൾ, ഞങ്ങൾ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അഡ്മിനിസ്ട്രേറ്റർക്ക് നോട്ടീസ് നൽകി,’ സുരേന്ദ്രനഗർ വിദ്യാഭ്യാസ ഓഫീസർ അരവിന്ദ് ഓജ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Content Highlight: Gujarat: School Principal Slapped With Notice After Students ‘Enrolled’ as BJP Members

We use cookies to give you the best possible experience. Learn more