സി.എ.എ നടപ്പാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് വിദ്യാര്‍ത്ഥികളെക്കൊണ്ട് കത്തയപ്പിച്ചു; രക്ഷിതാക്കളുടെ പ്രതിഷേധം, കത്ത് പിന്‍വലിച്ചു
national news
സി.എ.എ നടപ്പാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് വിദ്യാര്‍ത്ഥികളെക്കൊണ്ട് കത്തയപ്പിച്ചു; രക്ഷിതാക്കളുടെ പ്രതിഷേധം, കത്ത് പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2020, 10:01 am

അഹമ്മദാബാദ്: സി.എ.എ നടപ്പിലാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് ഗുജറാത്തിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്‌കൂള്‍ അധികൃതര്‍ കത്തയപ്പിച്ചു. എന്നാല്‍ രക്ഷിതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കത്ത് പിന്‍വലിക്കുകയായിരുന്നു.

അഹമ്മദാബാദിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികളെക്കൊണ്ട് പ്രധാനമന്ത്രിക്ക് പോസ്റ്റ്കാര്‍ഡ് അയപ്പിക്കുകയായിരുന്നു സ്‌കൂള്‍ അധികൃതര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അഭിനന്ദനങ്ങള്‍. ഇന്ത്യയിലെ ഒരു പൗരനായ ഞാന്‍ സി.എ.എ നടപ്പിലാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും ആക്ടിനെ പിന്തുണക്കുന്നു’. ഇങ്ങനെയാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് മാപ്പു പറയുകയും കത്ത് പിന്‍വലിക്കുകയുമായിരുന്നു. അധ്യാപകര്‍ തയ്യാറാക്കിയ എഴുത്ത് സ്‌കൂള്‍ അധികൃതര്‍ കുട്ടികളോട് പകര്‍ത്താന്‍ ആവശ്യപ്പെടുകയും പ്രധാനമന്ത്രിയുടെ അഡ്രസ്സിലേക്ക് അയക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

‘എന്റെ മകള്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്. സ്‌കൂളിലെ അധ്യാപകര്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളോടും പ്രധാനമന്ത്രിക്ക് സി.എ.എ വിഷയത്തില്‍ കത്തയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മകളെ നിര്‍ബന്ധപൂര്‍വ്വം കത്തയപ്പിക്കുകയായിരുന്നുവെന്ന് അവള്‍ പറഞ്ഞു. അത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല’, ഒരു രക്ഷിതാവ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന പത്താം ക്ലാസിലെ കുട്ടികളെയും കത്തയ്ക്കാന്‍ നിര്‍ബന്ധിച്ചതായി ആരോപണമുണ്ട്.