| Saturday, 12th September 2020, 10:19 am

മോദിയുടെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് കൊടിയേറുമ്പോള്‍ ഗുജറാത്തില്‍ മുന്നറിയിപ്പില്ലാതെ കുടിയിറക്കപ്പെടുന്ന ആദിവാസി കുടുംബങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തട്‌വി ആദിവാസി വിഭാഗത്തില്‍പ്പെടുന്ന പൂനാഭായ്ക്ക് ഇപ്പോള്‍ സ്വന്തം കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ സാധിക്കില്ല. ഇറങ്ങിയാല്‍ അതിക്രമിച്ച് കടന്നതിന് അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കും.

സര്‍ദാര്‍ സരോവര്‍ നര്‍മദാ നിഗാം ലിമിറ്റഡ് എന്ന ബോര്‍ഡിന്റെ കിഴിലാണ് ഇപ്പോള്‍ അവരുടെ സ്ഥലമുള്ളതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇവിടെ കൃഷിയിറക്കാന്‍ ശ്രമിച്ചാല്‍ വന്‍ തുക ഫൈന്‍ അടയ്‌ക്കേണ്ടി വരുമെന്നാണ് പൊലീസുകാര്‍ പറയുന്നതെന്നാണ് പൂനാഭായ് പറയുന്നത്.

സര്‍ദാര്‍ സരോവര്‍ നിഗാം ലിമിറ്റഡ് എന്ന സര്‍ക്കാര്‍ അധീനതയിലുള്ള കമ്പനി തങ്ങളുടെ ഭൂമിയുടെ അവകാശം ഏറ്റെടുത്തിരിക്കുകയാണെന്ന് പരാതി പറയുകയാണ് ഗുജറാത്തിലെ നവഗാമിലെയും കേവാഡിയയിലെയും ഗ്രാമവാസികള്‍.

ഇതോടുകൂടി തട്‌വി വിഭാത്തില്‍പ്പെടുന്ന ആയിരക്കണക്കിന് ആദിവാസി വിഭാഗങ്ങള്‍ക്കാണ് ഭൂമിയില്ലാതായത്.

കേവാഡിയയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്ച്യൂ ഓഫ് യൂണിറ്റിക്ക് സമീപമുള്ള പ്രദേശമാണ് ഇത്. ഇവിടങ്ങളില്‍ വലിയ വിധത്തിലുള്ള ടൂറിസം വികസനങ്ങള്‍ക്കാണ് ഗുജറാത്ത് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

ശ്രേഷ്ഠ ഭാരത് ഭവന്‍,ടെന്റ് സിറ്റി, ജംഗിള്‍ സഫാരി, സര്‍വാനി എക്കോ ടൂറിസം, ഏക്ത മാള്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ പദ്ധതികള്‍ ചൂടുപിടിക്കവെ തങ്ങള്‍ക്ക് മുന്നറിയിപ്പ് പോലുമില്ലാതെ കുടിയിറങ്ങണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇവിടങ്ങളില്‍ ജീവിക്കുന്നവര്‍ പറയുന്നു.

നേരത്തെ സര്‍ദാര്‍ സരോവര്‍ ഡാമിന് വേണ്ടി 1974ല്‍ തങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെട്ടുവെന്ന പറഞ്ഞ കാനുഭായ് തട്‌വി ഇപ്പോള്‍ സ്റ്റാച്ച്യൂ ഓഫ് യൂണിറ്റിക്ക് ചുറ്റുമുള്ള ടൂറിസം പദ്ധതിക്ക് വേണ്ടിയും സ്വന്തം ഭൂമിയില്‍ നിന്ന് ഒഴിഞ്ഞു പോകേണ്ട സ്ഥിതിയാണ് തങ്ങള്‍ക്കുള്ളതെന്ന് പറയുന്നു.

നിഗാം ഉദ്യോഗസ്ഥരോട് എന്തുകൊണ്ടാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയക്കും ചുറ്റുമുള്ള തങ്ങളുടെ ഭൂമി എടുക്കുന്നത് എന്നു ചോദിക്കുമ്പോള്‍ നിങ്ങളുടെ പൂര്‍വ്വികര്‍ ഇത് സര്‍ക്കാരിന് നല്‍കിയതാണ് എന്നാണ് അവര്‍ പറയുന്നത്.

പക്ഷേ എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് കാനുഭായ് പറയുന്നു. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ കോടതിയില്‍ പോകാനാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും കാനുഭായ് ദ വയറിനോട് പ്രതികരിച്ചു.

ഭൂമി നഷ്ടമായത് കൊണ്ട് കാര്‍ഷികവൃത്തി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് തങ്ങളുള്ളതെന്നും അതുകൊണ്ട് ഇപ്പോള്‍ തെരുവില്‍ കച്ചവടം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.

സര്‍ദാര്‍ സരോവര്‍ ഡാമിന് വേണ്ടി 1960ല്‍ തന്നെ ഈ ഭൂപ്രദേശങ്ങളെല്ലാം ഗുജറാത്ത് സര്‍ക്കാര്‍ ഏറ്റെടുത്തതാണ് എന്നാണ് എസ്.എസ്.എന്‍.എന്‍.എല്‍ കമ്പനി പറയുന്നത്. തങ്ങളുടെ ഭാഗം കൃത്യമാണെന്നും കമ്പനി അവകാശപ്പടെുന്നു.

2020 മെയില്‍ ഗുജറാത്ത് ഹൈക്കോടതി ഭൂമി ഏറ്റെടുക്കുന്നതിന് മേല്‍ എസ്.എസ്.എന്‍.എന്‍.എല്‍ കമ്പനിയ്ക്ക് ഉണ്ടായിരുന്ന താത്ക്കാലിക സ്റ്റേ നീക്കിയതിന് ശേഷമാണ് കമ്പനി മറ്റ് പ്രവര്‍ത്തനങ്ങള്‍ ഈ ഭൂമിയില്‍ ആരംഭിച്ചത്.

ഇതിന്റെ ഭാഗമായാണ് ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശം വേലി കെട്ടി തിരിച്ചതും. സംഭവവുമായി ബന്ധപ്പെട്ട പരാതി ഉന്നയിക്കുന്നവരെ പൊലീസ് ഭീകരമായി മര്‍ദ്ദിക്കുകയാണെന്നും ഗ്രാമവാസികള്‍ പരാതി പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gujarath Sardar Sarovaram dam statue of unity makd tavi adivasis encroachers on their own land

We use cookies to give you the best possible experience. Learn more