അഹമ്മദാബാദ്: കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന ശവവാഹിനിയായ ഗംഗയാണ് രാമരാജ്യത്തിലൂടെ ഒഴുകുന്നതെന്ന ഗുജറാത്തി കവി പാരുള്‍ ഖക്കറിന്റെ കവിതയെ വിമര്‍ശിച്ച് ഗുജറാത്ത് സാഹിത്യ അക്കാദമി. അക്കാദമിയുടെ ജൂണ്‍ മാസത്തെ എഡിറ്റോറിയലിലാണ് കവിതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുണ്ടായത്.
രാജ്യത്ത് അരാജകത്വമുണ്ടാക്കാനുള്ള ഗൂഢശ്രമങ്ങളുടെ ആയുധമാണ് പാരുള്‍ ഖക്കറിന്റെ കവിതയെന്നും എഡിറ്റോറിയലില്‍ പറയുന്നു. കവിത വ്യാപകമായി പ്രചരിപ്പിച്ചതും ചര്‍ച്ച ചെയ്തതും സാഹിത്യ നക്‌സലുകളാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
‘ശവവാഹിനിയായ ഗംഗ’ എന്ന കവിതയുടെ പേര് നേരിട്ട് പറയാതെയായിരുന്നു വിമര്‍ശനം. ഈയടുത്ത് ചര്‍ച്ച ചെയ്യപ്പെട്ട ധാരാളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത കവിതയെന്നായിരുന്നു എഡിറ്റോറിയലില്‍ പറഞ്ഞിരുന്നത്.
രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കാനാണ് കവിതയിലൂടെ ഉദ്ദേശിക്കുന്നതെന്നും അതിലെ ചില വാക്കുകള്‍ സര്‍ക്കാരിനെതിരെ ചിലര്‍ ദുരുപയോഗം ചെയ്‌തെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
‘ഇന്ത്യയോട് യാതൊരു സ്‌നേഹവുമില്ലാത്ത ചില ശക്തികള്‍- ഇടതുപക്ഷാനുകൂലികള്‍, ലിബറലുകള്‍. ഇവര്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല. ഇത്തരം ആളുകള്‍ക്ക് ഇന്ത്യയില്‍ ഒരു കലാപമുണ്ടാക്കാനാണ് താല്‍പ്പര്യം. അതിനായി എല്ലാ മേഖലയിലും അവര്‍ കാലെടുത്തുവെച്ചു. ഇപ്പോഴിതാ സാഹിത്യത്തിലേക്കും. രാജ്യത്തെ സമാധാനം കെടുത്തുകയാണ് ഈ സാഹിത്യ നക്‌സലുകളുടെ ഉദ്ദേശ്യം,’ മുഖപ്രസംഗത്തില്‍ പറയുന്നു.
ശരിയായ കവിതാരചന ഈ രീതിയിലല്ലെന്നും പാരുളിന്റെ കവിതയില്‍ ഒരു തരിമ്പ് പോലും കാവ്യാത്മകത ഇല്ലെന്നും അക്കാദമി ചെയര്‍മാര്‍ വിഷ്ണു പാണ്ഡ്യ പറഞ്ഞു. സ്വന്തം അസ്വസ്ഥതകളും ദേഷ്യവും പ്രകടിപ്പിക്കാനുള്ള ഇടമല്ല കവിതയെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
അങ്ങനെ ചെയ്തതിന്റെ ഫലമാണ് കവിത മോദി സര്‍ക്കാര്‍ വിരുദ്ധരും ആര്‍.എസ്.എസ്. വിരുദ്ധരും ഏറ്റെടുക്കാന്‍ കാരണമെന്നും പാണ്ഡ്യ പറഞ്ഞു.
സംഘപരിവാര്‍ ഏറെ ആഘോഷിച്ച കവിതകള്‍ എഴുതിയ കവിയത്രിയാണ് പാരുള്‍ ഖക്കര്‍. കൃഷ്ണനെ പ്രകീര്‍ത്തിച്ച് കവിതകള്‍ എഴുതിയ പാരുളിന്റെ കവിതകള്‍ക്ക് ഗുജറാത്തില്‍ ആരാധകര്‍ ഏറെയായിരുന്നു.
എന്നാല്‍ മെയ് 11 ന് തന്റെ ഫേസ്ബുക്ക് പേജില്‍ പാരുള്‍ എഴുതിയ ശവവാഹിനിയായ ഗംഗ എന്ന കവിത സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചിരുന്നു.
തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ക്കൊടുവില്‍ പാരുള്‍ തന്റെ കവിത ഫേസ്ബുക്ക് പേജില്‍ നിന്നും പിന്‍വലിച്ചിരുന്നു. എന്നാല്‍ അതിനുമുമ്പ് തന്നെ നിരവധി ഭാഷകളിലേക്ക് പാരുളിന്റെ കവിത വിവര്‍ത്തനം ചെയ്യപ്പെട്ടത് സംഘപരിവാറിന് തിരിച്ചടിയായി.
രാമരാജ്യത്തിലൂടെ ഒഴുകുന്നത് പുണ്യനദിയായ ഗംഗയല്ല, ശവവാഹിനിയായ ഗംഗയാണ്. രാജ്യം ഭരിക്കുന്നത് നഗ്നനായ രാജാവാണ് എന്ന് തുടങ്ങുന്ന 14 വരി കവിതയാണ് പാരുള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നത്.