| Saturday, 19th August 2023, 2:03 pm

ഗുജറാത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ മുസ്‌ലിം പെണ്‍കുട്ടിയെ അനുമോദിച്ചില്ല; പകരം രണ്ടാം സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കി സ്‌കൂള്‍ അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ പത്താം ക്ലാസില്‍ ഒന്നാം സ്ഥാനക്കാരിയായ മുസ്‌ലിം പെണ്‍കുട്ടിയെ അനുമോദിക്കാന്‍ വിമുഖത കാണിച്ച് സ്‌കൂള്‍ അധികൃതര്‍. ഒന്നാം സ്ഥാനക്കാരിയായ അര്‍ണാസ്ബാനുവിന് പകരം രണ്ടാം സ്ഥാനക്കാരിയെയാണ് മെഹ്‌സാന ജില്ലയിലെ കെ.ടി.പട്ടേല്‍ സ്മൃതി വിദ്യാലയത്തിലെ അധികൃതര്‍ അനുമോദിച്ചതെന്ന് ദി ഹിന്ദുസ്ഥാന്‍ ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

തനിക്ക് സമ്മാനം നല്‍കാത്തതില്‍ കരഞ്ഞ പെണ്‍കുട്ടിയോട് സമ്മാനം പിന്നീട് നല്‍കാമെന്നാണ് അധ്യാപകര്‍ പറഞ്ഞത്. സ്വാതന്ത്ര്യദിനത്തില്‍ 10ാം ക്ലാസിലെയും 12ാം ക്ലാസിലെയും ഉയര്‍ന്ന റാങ്കിലെത്തിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് സംഭവം. പത്താം ക്ലാസില്‍ 87 ശതമാനം മാര്‍ക്ക് കിട്ടിയ അര്‍ണാസ് ബാനുവിനെ അനുമോദിക്കാതെയാണ് മറ്റുള്ളവരെ അനുമോദിച്ചത്.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും അവ്യക്തമായ മറുപടിയാണ് ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് സന്‍വര്‍ ഖാന്‍ പറഞ്ഞു.

‘അവള്‍ക്ക് ലഭിക്കേണ്ട സമ്മാനം രണ്ടാം സ്ഥാനത്തുള്ളയാള്‍ക്ക് കൊടുത്തുവെന്ന് അവള്‍ പറഞ്ഞു. വിശദീകരണത്തിന് വേണ്ടി ഞാന്‍ സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും വിളിച്ചെങ്കിലും മറുപടി അവ്യക്തമായിരുന്നു. ജനുവരി 26ന് സമ്മാനം നല്‍കാമെന്ന് അവര്‍ പറഞ്ഞു. എന്തുകൊണ്ടാണ് എന്റെ മകള്‍ക്ക് ഓഗസ്റ്റ് 15ന് സമ്മാനം നല്‍കാതിരുന്നത് എന്നതാണ് എന്റെ ചോദ്യം.

ഞാന്‍ ഒരു കര്‍ഷകനാണ്. ഞങ്ങള്‍ തലമുറകളായി ഒരു വിവേചനവും കൂടാതെയാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍ എന്റെ മകള്‍ അര്‍ഹതപ്പെട്ടിടത്ത് നിന്ന് മനപ്പൂര്‍വം അവഗണിക്കപ്പെട്ടിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

അതേസമയം സമ്മാനം നല്‍കുന്ന ദിവസം അര്‍ണാസ്ബാനു സ്‌കൂളില്‍ ഹാജരല്ലാത്തതിനാലാണ് സമ്മാനം നല്‍കാന്‍ സാധിക്കാതിരുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിപിന്‍ പട്ടേല്‍ പറഞ്ഞു.

‘ഏത് തരത്തിലുള്ള വിവേചനത്തിനെതിരെയും ഞങ്ങള്‍ കര്‍ശനമായ നയം പാലിക്കും. അര്‍ഹയായ വിദ്യാര്‍ത്ഥിക്ക് ജനുവരി 26ന് സമ്മാനം നല്‍കും. ഓഗസ്റ്റ് 15ന് വിദ്യാര്‍ത്ഥിനി ഹാജരായിരുന്നില്ലെന്നും ശ്രദ്ധിക്കണം,’ അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ തന്റെ മകള്‍ അന്നേ ദിവസം സ്‌കൂളില്‍ ഹാജരായിരുന്നെന്നും വേണമെങ്കില്‍ സി.സി.ടി.വി പരിശോധിക്കാമെന്നും പിതാവ് പറഞ്ഞു.

അതേസമയം സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. മോഡിഫൈഡ് ഇന്ത്യയിലെ സംസ്ഥാനമാണിതെന്ന് പറഞ്ഞാണ് എഴുത്തുകാരന്‍ സലില്‍ ത്രിപാതി സംഭവം ട്വീറ്റ് ചെയ്തത്.

content highlights: Gujarat’s No. 1 Muslim studies not applauded; Instead, the school authorities gave prizes to the runners-up

We use cookies to give you the best possible experience. Learn more