ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളികൊണ്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ട് സാകിയ ഇഹ്സാന്‍ ജാഫ്രിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
അന്വേഷണ സംഘം 2012ല്‍ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ട് അതേപടി സ്വീകരിക്കുകയും അതിനെ എതിര്‍ത്തുള്ള ഹരജി തള്ളുകയും ചെയ്ത മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടയില്‍ അരങ്ങേറിയ ഗുല്‍ബര്‍ഗ് സൊെസൈറ്റി കൂട്ടക്കൊലയില്‍ ദാരുണമായി കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സകിയ ജാഫ്രി.