തൊപ്പിയുടെയും തിലകത്തിന്റെയും വ്യത്യാസം പറഞ്ഞ് മനുഷ്യ സമൂഹത്തെ വേട്ടയാടുന്ന നരാധമന്മാര്‍ക്കെതിരെ ഉയരുന്ന നിലവിളികളും പ്രതിഷേധ ജ്വാലകളുമാണ് പുസ്തകത്തിലുടനീളം. വാക്കുകള്‍ക്കും വരികള്‍ക്കുമിടയില്‍ മനുഷ്യര്‍ക്കുനേരെ നരനായാട്ടുനടത്തുന്ന വര്‍ഗ്ഗീയവിദേ്വഷത്തിന്റെ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായ രോക്ഷത്തിന്റെ നൈരന്തര്യമാണ് വായനക്കാരിലേക്ക് ഈ ആത്മകഥ പ്രസരിപ്പിക്കുന്നത്.
[share]
ബുക്‌ന്യൂസ് / കെ.ടി.കുഞ്ഞിക്കണ്ണന്‍
ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷിയായ കുത്തബുദ്ദീന്‍ അന്‍സാരിയുടെ ആത്മകഥ പുറത്തിറങ്ങുന്നു. “”ഞാന്‍ കുത്തബുദ്ദീന്‍ അന്‍സാരി”” എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നത് ചിന്താപബ്ലിക്കേഷന്‍സാണ്. കുത്തബുദ്ദീന്‍ അന്‍സാരിയുടെ ആത്മകഥ ആദ്യമായി പ്രസിദ്ധീകൃതമാകുന്നത് മലയാളത്തിലാണെന്ന സവിശേഷതയും ഈ പുസ്തകത്തിനുണ്ട്. മാര്‍ച്ച് 3ന് കണ്ണൂരില്‍ വെച്ചാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്.
മലയാളിയായ സഹീദ്‌റൂമിയാണ് കുത്തബുദ്ദീന്റെ അനുഭവങ്ങള്‍ മലയാളത്തിലെഴുതിയത്. എഴുതാനും വായിക്കാനും അറിയാത്ത കുത്തബുദ്ദീന്‍ ഗുജറാത്തി ഭാഷയില്‍ പറഞ്ഞ ജീവിതകഥ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തുകൊടുത്ത കലീംസിദ്ദിഖിയും ഈ പുസ്തകത്തിന്റെ രചനയില്‍ പങ്കുവഹിച്ചു. കോഴിക്കോട് കേളുഏട്ടന്‍പഠനഗവേഷണകേന്ദ്രത്തിന്റെ സഹായത്തോടെയാണ് പുസ്തകം തയ്യാറാക്കിയത്.
2002 ഫിബ്രവരി 27ന്റെ ഗോന്ധ്രസംഭവത്തെ ഇന്ധനമാക്കി ചരിത്രത്തിലെ സമാനതകളില്ലാത്ത വംശീയ ഉന്മൂലനത്തിന് നേതൃത്വം കൊടുത്തത് നരേന്ദ്രമോഡിയാണ്. സഞ്ജീവ്ഭട്ട് ഉള്‍പ്പെടെയുള്ള ഉന്നതപോലീസ് ഉദേ്യാഗസ്ഥന്മാര്‍ മോഡിക്കെതിരെ മൊഴിനല്‍കിയിട്ടും കോണ്‍ഗ്രസ്സും ബി.ജെ.പിയെ പോലെ വംശഹത്യാകുറ്റവാളികള്‍ക്കെതിരെ പ്രതികരിക്കാനും നടപടിയെടുക്കാനും തയ്യാറായില്ല.
മോഡി ഇപ്പോള്‍ വികസനത്തിന്റെ മഹാപുരുഷനായി ഇന്ദ്രപ്രസ്ഥത്തിലെ പ്രധാനമന്ത്രി പദം ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് “ഞാന്‍ കുത്തബുദ്ദീന്‍ അന്‍സാരി” എന്ന ഗുജറാത്ത് വംശഹത്യയുടെ തീക്ഷ്ണാനുഭവങ്ങള്‍ വിശദീകരിക്കുന്ന ആത്മകഥ പുറത്തുവരുന്നത്.
ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. കോര്‍പ്പറേറ്റ് മാധ്യമങ്ങളും അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍സ് കമ്പനികളും മോഡിയെ നമ്മുടെ പാരമ്പര്യത്തിന്റെയും അഭിരുചികളുടെയും പ്രതിപുരുഷനായി അവതരിപ്പിക്കുമ്പോഴാണ് മറവിക്കെതിരായ ഓര്‍മ്മകളുടെ സമരവുമായി ഈ ആത്മകഥ പുറത്തുവരുന്നത്.
“വംശഹത്യയുടെ തുടക്കം” എന്ന ആദ്യ അദ്ധ്യായം മുതല്‍ “മുഖ്യധാരയിലേക്ക്” എന്ന അവസാന അദ്ധ്യായം വരെ 27 ഭാഗങ്ങളിലായിട്ടാണ് ഒരു വ്യാഴവട്ടക്കാലത്തിലേറെയുള്ള തന്റെ സംഭ്രമജനകമായ അനുഭവങ്ങള്‍ കുത്തബുദ്ദീന്‍ അന്‍സാരി പറഞ്ഞുവെക്കുന്നത്.
ഗുജറാത്തിന്റെ പിന്നോക്കാവസ്ഥയുടെയും കോണ്‍ഗ്രസ്സ് ബി.ജെ.പി രാഷ്ട്രീയക്കാരുടെ കാപട്യത്തിന്റെയും, നിസ്സഹായരായ അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളുടെ ദാരുണവും രോഷജനകവുമായ അവസ്ഥയെക്കൂടിയാണ് അനാവരണം ചെയ്യുന്നത്.
2002-നു ശേഷമുള്ള ഗുജറാത്തിലെ ന്യൂനപക്ഷങ്ങളുടെ കണ്ണീരും ഭയവും നിശ്ശബ്ദതയുമാണ് പുസ്തകം വായനക്കാരിലേക്ക് പകരുന്നത്. വിദേ്വഷരാഷ്ട്രീയത്തെയും വര്‍ഗ്ഗീയതയെയും അതിജീവിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ മതനിരപേക്ഷ പോരാട്ടങ്ങളോടൊപ്പമാണ് താനെന്ന് ഈ ആത്മകഥയിലൂടെ കുത്തബുദ്ദീന്‍ അന്‍സാരി സ്വയം പ്രഖ്യാപിക്കുന്നു.
തൊപ്പിയുടെയും തിലകത്തിന്റെയും വ്യത്യാസം പറഞ്ഞ് മനുഷ്യ സമൂഹത്തെ വേട്ടയാടുന്ന നരാധമന്മാര്‍ക്കെതിരെ ഉയരുന്ന നിലവിളികളും പ്രതിഷേധ ജ്വാലകളുമാണ് പുസ്തകത്തിലുടനീളം. വാക്കുകള്‍ക്കും വരികള്‍ക്കുമിടയില്‍ മനുഷ്യര്‍ക്കുനേരെ നരനായാട്ടുനടത്തുന്ന വര്‍ഗ്ഗീയവിദേ്വഷത്തിന്റെ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായ രോക്ഷത്തിന്റെ നൈരന്തര്യമാണ് വായനക്കാരിലേക്ക് ഈ ആത്മകഥ പ്രസരിപ്പിക്കുന്നത്.
വര്‍ഗ്ഗീയതക്ക് മറുമരുന്ന് തീവ്രവാദമല്ല എന്ന് മതനിരപേക്ഷ ജനാധിപത്യമുന്നേറ്റങ്ങളാണെന്ന് അന്‍സാരി ഓര്‍മ്മിപ്പിക്കുന്നു. ഗുജറാത്തിന്റെ കാവിഭീകരതയില്‍ നിന്ന് പലായനം ചെയ്ത് ബംഗാളിന്റെ ചുവപ്പുസാന്ത്വനങ്ങളില്‍ അഭയം തേടിയ തന്റെ ദിവസങ്ങളുടെ ഊഷ്മളതയെക്കുറിച്ചും ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ട്.
ഗുജറാത്ത് വംശഹത്യയുടെ കെടുതികളുടെ വ്യാപ്തിയും വര്‍ഗ്ഗീയവാദികളുടെ മനുഷ്യത്വരാഹിത്യവുമാണ് തന്റെ അനുഭവങ്ങളിലൂടെ അന്‍സാരി പറഞ്ഞുവെക്കുന്നത്.
മതത്തെയും മതവിശ്വാസത്തെയുമല്ല ആര്‍.എസ്.എസ്സും മുസ്ലീം മതത്തിന്റെ പേരിലുള്ള പലവിധ വര്‍ഗ്ഗീയവാദികളും പ്രതിനിധീകരിക്കുന്നത്. കലാപത്തിന്റെ നാളുകളില്‍ മതങ്ങള്‍ക്കപ്പുറത്ത് മനുഷ്യത്വമെന്തെന്ന് കാണിച്ചുതന്ന നിരവധി നല്ലമനുഷ്യരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പുസ്തകത്തിലുണ്ട്.
വംശഹത്യയുടെ ദിനങ്ങളില്‍ ഹിന്ദു മതവിശ്വാസികളാണ് തങ്ങളെ രക്ഷിച്ചതെന്ന കാര്യം അന്‍സാരി പ്രത്യേകം എടുത്തുപറയുന്നു. സംഘപരിവാര്‍ ഭ്രാന്തന്മാരാല്‍ വേട്ടയാടപ്പെട്ട നാളുകളില്‍ എല്ലായിടങ്ങളിലും മുസ്ലീങ്ങളെ സഹായിച്ചത് ഹിന്ദു സഹോദരങ്ങളായിരുന്നു.
ഗുജറാത്ത് വംശഹത്യയുടെ കെടുതികളുടെ വ്യാപ്തിയും വര്‍ഗ്ഗീയവാദികളുടെ മനുഷ്യത്വരാഹിത്യവുമാണ് തന്റെ അനുഭവങ്ങളിലൂടെ അന്‍സാരി പറഞ്ഞുവെക്കുന്നത്.
ആര്‍ക്കോദത്തയെന്ന റോയിട്ടര്‍ ഫോട്ടോഗ്രാഫറുടെ ഒരു ക്ലിക്കില്‍ ഒരു സാധാരണക്കാരനായ ഗാര്‍മെന്റ് തൊഴിലാളിയായ തന്റെ ജീവിതം മാറ്റിയെഴുതപ്പെട്ടതിന്റെ കൂടി കഥയാണിതെന്ന് അന്‍സാരി തെല്ലൊരു തമാശയോടെ പറഞ്ഞുവെക്കുന്നു. മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളില്‍ കൈകൂപ്പി ജീവനുവേണ്ടി പൊട്ടിക്കരഞ്ഞു യാചിക്കുന്ന അന്‍സാരിയുടെ ആ ചിത്രമാണ് ഗുജറാത്ത് വംശഹത്യയുടെ ഇരകളുടെ പ്രതീകമായി ലോകമെമ്പാടും പ്രചരിച്ചത്.
വംശഹത്യക്കുശേഷമുള്ള ഒരു വ്യാഴവട്ടക്കാലത്തെ ഗുജറാത്തിന്റെ പ്രക്ഷുബ്ധതയും ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഭാവിയെക്കുറിച്ച് ഉല്‍കണ്ഠയുമാണ് കുത്തബുദ്ദീന്‍ അന്‍സാരി തന്റെ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ വായനക്കാരുമായി പങ്കുവെക്കാന്‍ ശ്രമിക്കുന്നത്.