ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിക്കുന്നില്ല, പുനരന്വേഷണം വേണമെന്നും നിര്‍ബന്ധം പിടിക്കുന്നില്ല; സുപ്രീം കോടതിയില്‍ കപില്‍ സിബല്‍
ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന നിര്‍ണായക ആരോപണം താന്‍ ഉന്നയിക്കുന്നില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. സുപ്രീംകോടതിയിലാണ് കപില്‍ സിബലിന്റെ പ്രതികരണം.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ താന്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നില്ലെന്നും പുനരന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഊന്നുന്നില്ലെന്നും സിബല്‍ പറഞ്ഞു.
മോദിക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന സിബലിന്റെ വാദം രേഖപ്പെടുത്തുകയാണെന്ന് കോടതി പറഞ്ഞപ്പോള്‍ താന്‍ സംശയത്തിനിടയില്ലാത്ത വിധം രേഖാമൂലം എഴുതി നല്‍കാമെന്നായിരുന്നു സിബലിന്റെ മറുപടി.
2002 ഫെബ്രുവരി 27ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തെക്കുറിച്ച് സാകിയ ജഫ്രി നല്‍കിയ ഹരജിയില്‍ ഉണ്ടായിരുന്നെങ്കിലും കപില്‍ സിബല്‍ അത് വിട്ടുകളഞ്ഞുവെന്ന് എസ്.ഐ.ടിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഇതുകേട്ട ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് ഈ ആരോപണം ഇപ്പോഴും ഉന്നയിക്കുന്നുണ്ടോ എന്ന് കപില്‍ സിബലിനോട് ചോദിച്ചു.
സിബല്‍ വായിക്കാതിരുന്നത് കൊണ്ടു മാത്രം മോദിയ്‌ക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നില്ല എന്ന് വരുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ സിബല്‍ ആ വാദത്തില്‍ ഊന്നുന്നില്ലെന്നായിരുന്നു റോത്തഗിയുടെ വാദം.
ആരോപണം വായിക്കാതിരുന്നിട്ടുണ്ടെങ്കിലും മറ്റു ആരോപണങ്ങളെ കുറിച്ച് എസ്.ഐ.ടി നടത്തിയ അന്വേഷണത്തില്‍ പുനരന്വേഷണം ആവശ്യപ്പെടുന്നുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സിബല്‍ തന്നെ വ്യക്തത വരുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
അപ്പോഴാണ് താന്‍ ആ ആരോപണത്തില്‍ ഊന്നുന്നില്ലെന്നും അതില്‍ പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും സിബല്‍ ബോധിപ്പിച്ചത്.
അതേസമയം ഒന്നും എന്നെന്നേക്കുമായി അടച്ചിട്ടതല്ലെന്നും നാളെ മറ്റു തെളിവുകള്‍ വന്നാല്‍ 1984ലെ ദല്‍ഹി കലാപം പോലെ പുനരന്വേഷണം നടത്താമെന്നും സിബല്‍ പറഞ്ഞു.
ഗുജറാത്ത് വംശഹത്യയില്‍ മോദിയടക്കമുള്ള ഉന്നതരുടെ പങ്ക് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവുകള്‍ അവഗണിച്ചെന്ന് കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നേരത്തെ പറഞ്ഞിരുന്നു. സുപ്രീംകോടതിയിലാണ് സാകിയ ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഗുജറാത്തില്‍ 2002ല്‍ നടന്ന ഗോദ്ര കലാപത്തിന് കാരണമായ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന്റെ എസ്-6 കോച്ച് ഹിന്ദുത്വ ഗ്രൂപ്പുകള്‍ കത്തിച്ചുവെന്ന വാദം അസംബന്ധമാണെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞിരുന്നു.
പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനെതിരെ സാകിയ ജാഫ്രി നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
Content Highlight: Gujarat Riots-“I Have Not Mentioned About Chief Minister, If You Continue Reading It, Then I Will Have To Deal With It”: Kapil Sibal To Mukul Rohatgi