ഗുജറാത്ത് കലാപം, ഗാന്ധി വധം; കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങളുള്‍പ്പെടുന്ന പാഠപുസ്തകം ഓണാവധിക്ക് ശേഷം കുട്ടികളിലേക്ക്
Kerala News
ഗുജറാത്ത് കലാപം, ഗാന്ധി വധം; കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങളുള്‍പ്പെടുന്ന പാഠപുസ്തകം ഓണാവധിക്ക് ശേഷം കുട്ടികളിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th August 2023, 1:10 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠപുസ്തകം ഓണാവധിക്ക് ശേഷം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഗുജറാത്ത് കലാപം, ഗാന്ധി വധം തുടങ്ങി നേരത്തെ ഉണ്ടായിരുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി എടുത്തുകളഞ്ഞ പാഠഭാഗങ്ങളാണ് പഠിപ്പിക്കാന്‍ പോകുന്നത്. പാഠഭാഗങ്ങള്‍ പരീക്ഷകളില്‍ ഉള്‍പ്പെടുത്തുമെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

‘കേന്ദ്രം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്തെ കാര്യങ്ങള്‍, ഗുജറാത്ത് കലാപം ഇങ്ങനെയുള്ള കുറേ വിഷയങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചര്‍ച്ച ചെയ്തു. കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കണമെന്ന് തീരുമാനിച്ചു.

പുതിയ പാഠപുസ്തകം തയാറാക്കി കഴിഞ്ഞു. അത് ഓണാവധി കഴിഞ്ഞാല്‍ ഉദ്ഘാടനം കഴിഞ്ഞാല്‍ കുട്ടികളുടെ കയ്യില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇത് പരീക്ഷയിലും ഉള്‍പ്പെടുത്തും.

എങ്കിലല്ലേ കുട്ടികള്‍ പഠിക്കുകയുള്ളൂ. സ്വാതന്ത്യം സമരം, ഗുജറാത്ത് കലാപം, മുഗള്‍ രാജവംശം എന്നിവയൊക്കെ പരീക്ഷയില്‍ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞാലല്ലേ പഠിക്കുള്ളൂ. അത് സാധാരണ പാഠഭാഗമായി തന്നെ പഠിപ്പിക്കും,’ അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വെട്ടിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ നേരത്തെ തന്നെ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായാണ് എന്‍.സി.ഇ.ആര്‍.ടി, 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്നാണ് വാദിച്ചത്. മുഗള്‍ ചരിത്രത്തിന് പുറമെ ഇന്ത്യയിലെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സമരങ്ങളുടെ ചരിത്രവും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.

സിലബസ് പരിഷ്‌കരണത്തിന് നിരവധിയായ കാരണങ്ങളുണ്ടെന്നാണ് എന്‍.സി.ഇ.ആര്‍.ടിയുടെ വാദം. ഒരേ ക്ലാസിലെ തന്നെ മറ്റ് പാഠ്യവിഷയങ്ങളില്‍ സമാന സ്വഭാവമുള്ള പാഠങ്ങള്‍ വരുന്നതും, താഴ്ന്ന ക്ലാസുകളിലോ ഉയര്‍ന്ന ക്ലാസുകളിലോ ഇതേ വിഷയങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതു കൊണ്ടോ ആണ് ഈ ഒഴിവാക്കല്‍ നടത്തിയിരിക്കുന്നതെന്നാണ് എന്‍.സി.ഇ.ആര്‍.ടി വിശദീകരിച്ചത്.

content highlights: Gujarat Riots, Gandhi Assassination, Textbook Covering Sections Left Out by Center to Children After Onam