ന്യൂദല്‍ഹി: ഗുജറാത്ത് കലാപം സിഖ് കലാപത്തിന് സമാനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍.
ഇരകളെ വേട്ടയാടിയ കാര്യത്തില്‍ 1984ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവും സമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കലാപത്തില്‍ കൊല്ലപ്പെട്ട ഗുജറാത്തിലെ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്ക് വേണ്ടി ഹാജരായ സിബല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ദല്‍ഹിയില്‍ ഉണ്ടായ അക്രമത്തെക്കുറിച്ച് കോടതിയില്‍ പരാമര്‍ശിച്ചു.
‘ഞാന്‍ താമസിച്ചിരുന്നത് മഹാറാണി ബാഗിലായിരുന്നു. അവിടെ രണ്ട് സിഖുകാരുടെ വീടുണ്ടായിരുന്നു. അക്കാര്യം നേരത്തെ തിരിച്ചറിഞ്ഞ ആള്‍ക്കൂട്ടം, ആ രണ്ടു വീടുകള്‍ക്കു വേണ്ടി അവിടേക്ക് വരികയായിരുന്നു. സമാനമായ അവസ്ഥ തന്നെയാണ് 2002ലും സംഭവിച്ചത്. ഗുജറാത്ത് കലാപ സമയത്ത് മുസ്ലീങ്ങളുടെ വീടുകള്‍ തിരിച്ചറിഞ്ഞ് ആക്രമിക്കപ്പെട്ടു,’.
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് എം.പി എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്കു വേണ്ടി ഹാജരായതായിരുന്നു സിബല്‍.
2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബെര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 68 പേരില്‍ സാക്കിയയുടെ ഭര്‍ത്താവും എം.പിയുമായ എഹ്സാന്‍ ജാഫ്രിയുമുണ്ടായിരുന്നു.
ഗുജറാത്ത് കലാപം പ്രത്യേക അന്വേഷണം സംഘം കൈകാര്യം ചെയ്തതിനേയും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനേയും ചോദ്യംചെയ്താണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്.
2008 ല്‍ രൂപീകരിച്ച എസ്.ഐ.ടി. 2012ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു റിപ്പോര്‍ട്ട്.
ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ സംഘം ഒന്നുംതന്നെ അന്വേഷിച്ചില്ലെന്നും അവര്‍ കണ്ടെത്തിയ വസ്തുതകള്‍ക്ക് വിരുദ്ധമായ നിഗമനങ്ങളാണ് എസ്.ഐ.ടി. സമര്‍പ്പിച്ചതെന്നും സിബല്‍ പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനും എസ്.ഐ.ടിയ്ക്കും പ്രതിഫലം ലഭിച്ചെന്നും സിബല്‍ പറഞ്ഞു.
കേസിന്റെ അടുത്തവാദം നവംബര്‍ 16ന് നടക്കും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Gujarat Riots And 1984: In Zakia Jafri Case, Kapil Sibal Draws Parallel