|

സങ്കല്പത്തിലുള്ള കേരള സ്റ്റോറികള്‍ക്ക് മറുപടിയായി ഗുജറാത്ത് സ്റ്റോറിയെ കാണിച്ച സിനിമ, എമ്പുരാന്‍ നല്‍കുന്ന ശുഭസൂചനകള്‍

അമര്‍നാഥ് എം.

മോളിവുഡ് ഇന്‍ഡസ്ട്രിയുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളം പോലൊരു ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്നുകൊണ്ട് ഹോളിവുഡ് സ്‌റ്റൈലിലൊരുക്കിയ എമ്പുരാന്‍ മികച്ച ദൃശ്യാനുഭവമാണ്. പൃഥ്വിരാജ് എന്ന സംവിധായകന്റെ വിഷന്‍ എത്രമാത്രം വലുതാണെന്ന് എമ്പുരാന്റെ ഓരോ ഫ്രെയിമും എടുത്തുകാണിക്കുന്നുണ്ട്.

എന്നാല്‍ വെറുമൊരു മാസ് മസാല കൊമേഷ്‌സ്യല്‍ സിനിമയായി എമ്പുരാനെ കാണാന്‍ സാധിക്കില്ല. വര്‍ത്തമാനകാല ഇന്ത്യയില്‍, ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ഗവണ്മെന്റ് കൂട്ടിലടക്കപ്പെട്ട അവസ്ഥയില്‍ എമ്പുരാന്‍ പറയുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഗവണ്മെന്റിന്റെ സപ്പോര്‍ട്ടോടുകൂടി സമൂഹത്തിലെ ക്രമസമാധാനം തകര്‍ക്കപ്പെടാന്‍ സാധ്യതയുള്ള സിനിമകള്‍ ഇറങ്ങുന്ന കാലമാണിത്.

എഴുത്തുകാരന്‍ ഏതോ പാരലല്‍ യൂണിവേഴ്‌സില്‍ കണ്ട കേരളമാണ് യഥാര്‍ത്ഥമെന്ന് പറഞ്ഞുകൊണ്ട് പുറത്തിറങ്ങിയ കേരള സ്റ്റോറി എന്ന ചിത്രം ഒരു നാടിനെ തന്നെ വികലമാക്കി ചിത്രീകരിക്കുന്ന ഒന്നാണ്. ഹിന്ദു യുവതികളെ തരംകിട്ടിയാല്‍ മതംമാറ്റാന്‍ കാത്തുനില്‍ക്കുന്ന, പൊതുയിടങ്ങളില്‍ പര്‍ദ്ദ ധരിക്കാതെ നടന്നാല്‍ ആക്രമിക്കുമെന്ന് പറയുന്ന കേരളത്തെയാണ് സിനിമയില്‍ കാണിക്കുന്നത്.

ഇന്ത്യയിലെ എല്ലാവരും കേരള സ്റ്റോറി കാണണമെന്ന് ഇലക്ഷന്‍ പ്രചരണവേദികളില്‍ പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്തിരുന്നു. ഗവണ്മെന്റ് സ്‌പോണ്‍സേര്‍ഡ് പ്രൊപ്പഗണ്ട സിനിമകള്‍ അരങ്ങുവാഴുന്ന കാലത്ത് എമ്പുരാനില്‍ കാണിച്ച രാഷ്ട്രീയം പ്രസക്തമാണ്. ഗുജറാത്തിലെ കലാപത്തിന് കാരണക്കാരായവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന സത്യം എമ്പുരാന്‍ വിളിച്ചുപറയുന്നുണ്ട്.

ഗുജറാത്തില്‍ 70ലധികം മുസ്‌ലിങ്ങളെ യാതൊരു ദയയുമില്ലാതെ കൊന്നൊടുക്കിയ ബാബു ബജ്‌രംഗി എന്ന ഹിന്ദുത്വ തീവ്രവാദിയുടെ പേര് ചിത്രത്തിലെ പ്രധാന വില്ലന് നല്‍കിയതും, ഈ രാജ്യം ഭരിക്കുന്നവരെ സഹായിക്കുന്നത് ബജ്‌രംഗിയെപ്പോലുള്ളവരാണെന്നും വിളിച്ചുപറയാന്‍ എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ കാണിച്ച ധൈര്യത്തിന് എത്ര കൈയടികള്‍ നല്‍കിയാലും മതിയാകില്ല.

ചിത്രത്തിനെതിരെ അസഹിഷ്ണുക്കളായി ഉറഞ്ഞുതുള്ളുകയാണ് ഹിന്ദുത്വ അനുകൂലികളുടെ പ്രൊഫൈലുകള്‍. റിലീസിന് മുമ്പ് വരെ മോഹന്‍ലാലിനെയ തലയിലേറ്റി നടന്ന സംഘപരിവാര്‍ അനുകൂലികള്‍ റിലീസിന് ശേഷം മോഹന്‍ലാലിനെ വിമര്‍ശിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാറുകാര്‍ക്ക് പണ്ടുമുതലേയുള്ള വിദ്വേഷം എമ്പുരാന് ശേഷം പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്തു.

എമ്പുരാന്‍ കേരളത്തില്‍ മാത്രമൊതുങ്ങുന്ന കൊച്ചു സിനിമയായിട്ടല്ല അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. മലയാളികളുള്ളിടത്തെല്ലാം സിനിമയെ എത്തിച്ചു. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ രാപ്പകലില്ലാതെ ഓടിനടന്ന് പ്രൊമോഷനുകള്‍ ചെയ്തു. ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് ഇന്റര്‍വ്യൂ നല്‍കി. മലയാളിയല്ലാത്തവര്‍ ചിത്രം കാണുമ്പോള്‍ അവരെയും കൂടി ഗുജറാത്ത് കലാപത്തിന്റെ അണിയറക്കഥകള്‍ ഓര്‍മപ്പെടുത്തി.

തീവ്രഹിന്ദുത്വവാദികളുടെ ഉറക്കം കെടാന്‍ ഇത്രയും മതിയാകുമല്ലോ. കാലങ്ങളായി അവര്‍ മെനഞ്ഞുണ്ടാക്കിയ നരേറ്റീവുകള്‍ക്കെതിരായി സെക്കുലറായിട്ടുള്ളവരും കമ്മീഷനുകളും കണ്ടെത്തിയ വസ്തുതകള്‍ ഇന്ന് എല്ലായിടത്തും എത്തിയത് അത്തരക്കാര്‍ക്ക് താങ്ങാനാകില്ലെന്ന് ഉറപ്പാണ്. പൃഥ്വിരാജിനെതിരെ ഇന്നലെ മുതലുള്ള സൈബര്‍ ആക്രമണങ്ങള്‍ അതിന്റെ തെളിവാണ്.

മുസ്‌ലിം വിദ്വേഷം നിറഞ്ഞ സിനിമകള്‍ക്ക് ഇളവ് നല്‍കുകയും കാണുന്നിടത്തൊക്കെ അത്തരം സിനിമകളെ പുകഴ്ത്തുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെയുള്ള ശബ്ദമായി എമ്പുരാനെ കണക്കാക്കാം.

വ്യാജ പ്രൊപ്പഗണ്ട സിനിമകള്‍ക്കെതിരായി അക്രമത്തിലൂടെ പ്രതിഷേധമറിയിക്കാതെ, സിനിമയിലൂടെ തന്നെ മറുപടി നല്‍കാന്‍ ഇന്ത്യയില്‍ മലയാളികള്‍ മാത്രമേ ധൈര്യം കാണിക്കുകയുള്ളൂ എന്ന കാര്യത്തില്‍ അഭിമാനിക്കാം. എമ്പുരാന്‍ ഒരു ശുഭസൂചനയാണ്. വര്‍ഗീയത ഈ മണ്ണില്‍ ഒരുകാലത്തും വാഴില്ലെന്ന ഉറപ്പാണ്.

Content Highlight: Gujarat Riot reference in Empuraan movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം