| Friday, 5th January 2018, 11:09 am

പ്രായമായ അമ്മയെ നോക്കാന്‍ വയ്യെന്ന് പറഞ്ഞ് ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസിസ്റ്റന്റ് പ്രൊഫസറായ മകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്‌കോട്ട്: അമ്മയെ ടെറസ്സില്‍ നിന്നും തള്ളിയിട്ട് കൊന്നക്കേസില്‍ അസിസ്റ്റന്റ് പ്രൊഫസറായ മകന്‍ അറസ്റ്റില്‍. രാജ്‌കോട്ടിലെ ഫാര്‍മസി കോളേജ് അധ്യാപകനായ സന്ദീപ് നാഥ്വാനി ആണ് അമ്മയായ ജയശ്രീബെന്നിനെ ടെറസ്സില്‍ നിന്ന് തള്ളിയിട്ട് കൊന്നത്.

ബാല്‍ക്കണിയില്‍ ഇരുന്ന അമ്മ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ ആണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

പ്രായാധിക്യം കാരണം അസുഖബാധിതയായിരുന്നു അമ്മയെന്നും, പരിചരിക്കാന്‍ സമയമില്ലാത്തതിനാലാണ് ഇത് ചെയ്തതെന്നും സന്ദീപ് നഥ്വാനി പൊലീസിന് മൊഴി നല്‍കി.

അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലെ ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് ചോദ്യം ചെയ്തത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വയസ്സായ അമ്മയെ ഇത്രയും നാളും സംരക്ഷിച്ചത് താനാണെന്നും ഇനിയും അമ്മയെ നോക്കാന്‍ കഴിയില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടാണ് അമ്മയെ കൊന്നുകളയാന്‍ തീരുമാനിച്ചത് എന്ന് പ്രതി കുറ്റ സമ്മതം നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വഗേല മാധ്യമങ്ങളെ അറിയിച്ചു.

We use cookies to give you the best possible experience. Learn more