ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപണം ഉന്നയിച്ച സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. സൂറത്തില്‍ നിന്നുള്ള എ.എ.പി സ്ഥാനാര്‍ഥി കഞ്ചന്‍ ജരിവാലയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്.
എന്നാല്‍ ബി.ജെ.പി ഭീഷണിപ്പെടുത്തി കഞ്ചന്‍ ജരിവാലയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കുകയായിരുന്നെന്ന് എ.എ.പി ആരോപിച്ചു. നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ തെരഞ്ഞെടുപ്പ് ഓഫീസിലെത്തുന്ന ജരിവാലയുടെ വീഡിയോയും എ.എ.പി പങ്കുവെച്ചിട്ടുണ്ട്.
ഇതിനെത്തുടര്‍ന്ന് ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.എ.പി വക്താവ് രാഘവ് ഛദ്ദ രംഗത്തെത്തി. ‘പൊലീസും ബി.ജെ.പിയുടെ ഗുണ്ടകളും ചേര്‍ന്ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കഞ്ചന്‍ ജരിവാലയെ ആര്‍.ഒ ഓഫീസിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നത് കാണുക’ എന്ന കുറിപ്പോടെ ട്വിറ്ററില്‍ വീഡിയോയും ഛദ്ദ പങ്കുവെച്ചിട്ടുണ്ട്. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് തമാശയായി മാറിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി സമ്മര്‍ദം ചെലുത്തിയതായി ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളും ആരോപിച്ചു. ബി.ജെ.പി ആം ആദ്മിയെ വളരെയധികം ഭയപ്പെടുന്നുവെന്നാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദന്‍ ഗദ്‌വി പ്രതികരിച്ചത്.
അതേസമയം, എ.എ.പി സ്ഥാനാര്‍ഥി കഞ്ചന്‍ ജരിവാലയെയും കുടുംബത്തെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായതായും ബി.ജെ.പി തട്ടികൊണ്ടുപോയതാണെന്നും ദല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ബുധനാഴ്ച പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിയെ അവസാനമായി കണ്ടത് സൂറത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്കാണെന്നും സിസോദിയ പറഞ്ഞിരുന്നു.
റിട്ടേണിങ് ഓഫീസറുടെ ഓഫീസിലെത്തിയ ജാരിവാലയെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് സിസോദിയ ആരോപിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബി.ജെ.പി ദയനീയമായി തോല്‍ക്കുകയാണെന്നും സൂറത്ത് ഈസ്റ്റില്‍ നിന്നുള്ള ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകുന്ന തലത്തിലേക്ക് അവര്‍ തരംതാഴ്ന്നുവെന്ന് സിസോദിയ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തോല്‍വി ഭയന്ന് ബി.ജെ.പി ഗുണ്ടകള്‍ സൂറത്തില്‍ നിന്നുള്ള എ.എ.പി സ്ഥാനാര്‍ത്ഥി കഞ്ചന്‍ ജരിവാലയെ തട്ടിക്കൊണ്ടുപോയി. ജരിവാലയുടെ നാമനിര്‍ദേശ പത്രിക റദ്ദാക്കാന്‍ ബി.ജെ.പി ഗുണ്ടകളും ശ്രമിച്ചെങ്കിലും റിട്ടേണിങ് ഓഫീസര്‍ക്ക് പത്രികയില്‍ അപാകത ഇല്ലാതിരുന്നതിനാല്‍ അതിന് സാധിച്ചില്ലെന്നും സിസോദിയ ആരോപിച്ചു.
ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവത്തില്‍ ഇടപെട്ടില്ലെന്ന് വിമര്‍ശിച്ച സിസോദിയ. തങ്ങളുടെ പരാതിയില്‍ ഒരു നടപടിയും എടുത്തില്ലെന്നും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രവര്‍ത്തനം സംശയകരമാണെന്നും സിസോദിയ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനെ നേരില്‍ കണ്ട് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സിസോദിയയും മറ്റ് പാര്‍ട്ടി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് പുറത്ത് പ്രകടനം നടത്തി. നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടി ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ചു.
എന്നാല്‍, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ എ.എ.പി തീവ്രശ്രമമാണ് നടത്തുന്നതെന്നാണ് വിഷയത്തില്‍ ബി.ജെ.പിയുടെ മറുപടി. സ്ഥാനാര്‍ത്ഥിയെയോ കുടുംബാംഗങ്ങളെയോ കാണാതായാല്‍ ആദ്യം പരാതി നല്‍കട്ടെ. അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യം കണ്ടെത്തും. ഒരു തെളിവുമില്ലാതെ എ.എ.പിക്ക് ഇത്രയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്താന്‍ കഴിയുമെന്നത് ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തമായി തുടരാനുള്ള അവരുടെ വ്യഗ്രതയാണ് കാണിക്കുന്നതെന്നും ബി.ജെ.പി വിമര്‍ശിച്ചു.
Content Highlight: Gujarat polls: AAP candidate withdraws nomination after party accuses BJP of kidnapping him