| Wednesday, 17th January 2018, 7:52 pm

പ്രവീണ്‍ തൊഗാഡിയയുടെ തിരോധനം നാടകം; ഡോക്ടറുമായി സഹകരിച്ച് ഉണ്ടാക്കിയ കെട്ടുകഥയെന്നും ഗുജറാത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമദാബാദ്: വി.എച്ച്.പി വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ തിരോധനം നാടകമെന്ന് ഗുജറാത്ത പൊലീസ്. ഡ്രൈവറുടെയും സ്വകാര്യ ആശുപത്രി ഡോക്ടറുടെയും സഹായത്തോടെ കെട്ടിച്ചമച്ച കഥയാണ് വി.എച്ച്.പി നേതാവിന്റെ തിരോധനമെന്നാണ് ഗുജറാത്ത ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്.

കഴിഞ്ഞദിവസമായിരുന്നു പ്രവീണ്‍ തൊഗാഡിയയെ കാണാനില്ലെന്ന പരാതിയുമായി വി.എച്ച.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ഇതിനു പിന്നാലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട തൊഗാഡിയ തന്നെ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതെന്നും അതുകൊണ്ടാണ് താന്‍ കടന്നു കളഞ്ഞതെന്നും പറഞ്ഞിരുന്നു എന്നാല്‍ ഇതെല്ലാം തൊഗാഡിയയുടെയും കൂട്ടരുടെയും സൃഷ്ടി ആണെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച തൊഗാഡിയയെ അറസ്റ്റുചെയ്യാന്‍ രാജസ്ഥാന്‍ പൊലീസ് അഹമ്മദാബാദില്‍ എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയതിനെത്തുടര്‍ന്ന തൊഗാഡിയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിലയില്‍ കണ്ടെത്തുന്നത്.

തൊഗാഡിയയുടെ വാദങ്ങള്‍ തെറ്റാണെന്ന പറഞ്ഞ സംസ്ഥാന ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ജെ.കെ ഭട്ട്, സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായി സഹകരിച്ച് ഉണ്ടാക്കിയ നാടകമാണ് അരങ്ങേറിയതെന്നും ആരോപിച്ചു.

രാവിലെ പതിനൊന്ന് മണിക്ക് ഓഫീസില്‍ നിന്നിറങ്ങിയ തൊഗാഡിയ ഘനശ്യാം ചരണ്‍ദാസ് എന്ന സഹായിയുടെ വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

“കോതര്‍പൂരില്‍ ഡ്രൈവര്‍ നികുലിന്റെ ഫോണ്‍ ഉപയോഗിച്ചാണ് അവര്‍ ആംബുലന്‍സ് വിളിക്കുന്നത്. ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ വി.ഐ.പിയായ രോഗി വരുന്ന കാര്യം ഡോക്ടര്‍ക്ക് വളരെ നേരത്തെ ലഭിച്ചിരുന്നു. അതിനായി സജ്ജരാകാന്‍ ആശുപത്രി സ്റ്റാഫുകള്‍ക്ക് നിര്‍ദ്ദേശവും ലഭിച്ചിരുന്നു” ക്രൈംബ്രാഞ്ച് ഓഫീസര്‍ പറഞ്ഞു.

നേരത്തെ ആശുപത്രിയിലായതിനു പിന്നാലെ തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുകയാണെന്നായിരുന്നു പ്രവീണ്‍ തൊഗാഡിയ പറഞ്ഞിരുന്നത്. കേസന്വേഷണത്തിന്റെ പേര് പറഞ്ഞ് അന്വേഷണ സംഘം നിരന്തരമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൊലീസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് അടിമപ്പെടുകയാണെന്നും തൊഗാഡിയ ആരോപിച്ചിരുന്നു. “ആശുപത്രിയില്‍ കഴിയുകയായിരുന്ന തന്നെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വന്നുകണ്ടിരുന്നു. അതിനുശേഷം തന്റെ മുറിയിലെത്തിയ ഒരാള്‍ വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി പറഞ്ഞിരുന്നെന്നായിരുന്നു തൊഗാഡിയയുടെ വാക്കുകള്‍.

We use cookies to give you the best possible experience. Learn more