| Wednesday, 10th July 2024, 1:02 pm

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഡീപ് ഫേക്ക് വീഡിയോ; കേസെടുത്ത് ഗുജറാത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗർ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ആക്ഷേപ ഹാസ്യ ഡീപ് ഫേക്ക് വീഡിയോ ഷെയർ ചെയ്തതിന് കേസെടുത്ത് ഗുജറാത്ത് പൊലീസ്. ചിരാഗ് പട്ടേൽ എന്ന വ്യക്തിയ്‌ക്കെതിരെയാണ് കേസ്. ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗുജറാത്ത് സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ചൊവ്വാഴ്ച അറിയിച്ചു.

Also Read: ആ സിനിമകളൊക്കെ റീ റിലീസ് ചെയ്യണമെന്ന് ഞാന്‍ മാത്രം ആഗ്രഹിച്ചാല്‍ പോരല്ലോ: മോഹന്‍ലാല്‍

ചരക്ക് സേവന നികുതി പിരിവുകളെക്കുറിച്ചുള്ള പ്രതിമാസ പത്രക്കുറിപ്പുകൾ കേന്ദ്രസർക്കാർ നിർത്തി വെക്കുന്നതിനെ കുറിച്ച് നിർമ്മല സീതാരാമൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതായി കാണിക്കുന്ന വീഡിയോ ആണ് ഇയാൾ പങ്കു വെച്ചത്. ആക്ഷേപ ഹാസ്യ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഗരിമ എന്ന ഉള്ളടക്ക സ്രഷ്ടാവിൻ്റെതാണ് യഥാർത്ഥ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ.

‘ഇത്തരമൊരു വീഡിയോ ചെയ്തതിന് ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാൻ ആഴത്തിലുള്ള വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്ന ഈ വഞ്ചനാപരമായ പ്രവൃത്തി വെറുപ്പുളവാക്കുന്നതാണ്. ഇത്തരം കൃത്രിമ തന്ത്രങ്ങളിൽ വീഴരുത്, നമ്മുടെ ഡിജിറ്റൽ ഇടങ്ങളിൽ സത്യത്തിനും ഉത്തരവാദിത്തത്തിനും മുൻഗണന നൽകണം,’ ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സോഫ്‌റ്റ്‌വെയറിൻ്റെ സഹായത്തോടെ ഓഡിയോ, വീഡിയോ ഉള്ളടക്കം കൈകാര്യം ചെയ്യാനുള്ള ടെക്‌നിക്കുകളാണ് ഡീപ് ഫേക്കുകൾ. പല ദൃശ്യങ്ങളുടെയും ദുരുപയോഗം ഇത് വഴി നടക്കുന്നുണ്ട്.

എ.ഐ ഡീപ് ഫേക്കുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഡിസംബറിൽ, എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങൾ അനുസരിക്കാൻ കേന്ദ്രം നിർദേശം നൽകിയിരുന്നു.

Content Highlight: Gujarat Police register FIR over parody deepfake video of Nirmala Sitharaman

We use cookies to give you the best possible experience. Learn more