ന്യൂദല്‍ഹി: മതര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ ഗുജറാത്ത് പൊലീസിന്റെ അന്വേഷണം.
‘ഹിന്ദു മതവികാരം വൃണപ്പെടുത്തി’, പെണ്‍കുട്ടികളെ ക്രിസ്തു മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു എന്നീ പേരുകളിലാണ് അന്വേഷണം. വഡോദരയിലെ ഫൗണ്ടേഷന്റെ ഷെല്‍റ്റര്‍ ഹോം കേന്ദ്രീകരിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.
ഗുജറാത്തിലെ മകാര്‍പുര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2003’ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വഡോദര ജില്ലാ സോഷ്യല്‍ ഡിഫന്‍സ് ഓഫീസര്‍ മായങ്ക് ത്രിവേദി, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.
വഡോദരയിലെ ഷെല്‍റ്റര്‍ ഹോമിലെ പെണ്‍കുട്ടികളെ കുരിശ് ധരിക്കാനും ബൈബിള്‍ വായിക്കാനും മതപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും മറ്റും നിര്‍ബന്ധിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
ആരോപണങ്ങള്‍ മിഷണറീസ് ഓഫ് ചാരിറ്റി ഫൗണ്ടേഷന്‍ നിഷേധിച്ചിട്ടുണ്ട്. ”ഒരു മതപരിവര്‍ത്തന പ്രവര്‍ത്തിയും ഞങ്ങള്‍ നടത്തുന്നില്ല. ഞങ്ങള്‍ക്ക് ഇവിടെ 24 പെണ്‍കുട്ടികളാണ് ഹോമിലുള്ളത്.
ഞങ്ങളുടെ കൂടെ ജീവിക്കുമ്പോള്‍ ഞങ്ങളുടെ രീതികള്‍ കണ്ട് അവര്‍ പിന്തുടരുന്നതാണ്. ഞങ്ങള്‍ ആരേയും പരിവര്‍ത്തനം ചെയ്തിട്ടില്ല. ക്രിസ്തീയ വിശ്വാസിയായ ആളെ വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയേയും നിര്‍ബന്ധിച്ചിട്ടില്ല,” മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് പ്രതികരിച്ചു.
വിവിധ ക്രിസ്തീയ സംഘടനകള്‍ക്കും മിഷണറികള്‍ക്കുമെതിരെ സംഘപരിവാര്‍ ശക്തികളില്‍ നിന്നുമുണ്ടാകുന്ന അക്രമങ്ങളുടെയും സമ്മര്‍ദ്ദത്തിന്റെയും തുടര്‍ച്ചയായാണ് ഈ പൊലീസ് അന്വേഷണവും വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
ഒരാഴ്ച മുമ്പ് മധ്യപ്രദേശിലെ വിദിഷയില്‍ കത്തോലിക്കാ സഭയുടെ സ്‌കൂളിന് നേരെ സംഘപരിവാര്‍ സംഘടനയായ ബജ്രംഗ്ദളിന്റെ ആക്രമണമുണ്ടായിരുന്നു. ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയായിരുന്നു സ്‌കൂള്‍ മാനേജ്മെന്റ് മതപരിവര്‍ത്തനം നടത്തുന്നെന്ന് ആരോപിച്ച് ആക്രമണമുണ്ടായത്.