| Monday, 31st October 2022, 10:18 am

മോര്‍ബി ദുരന്തം: മരണം 132 ആയി, അന്വേഷണത്തിനായി എസ്.ഐ.ടി രൂപീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 132 ആയെന്ന് ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്. 170 ഓളം പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ചിലരുടെ നില അതീവ ഗുരുതരമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അപകടം നടന്ന സ്ഥലത്തെത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മോര്‍ബി നഗരത്തില്‍ ബന്ദ് ആചരിക്കും.

അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐ.പി.സി 304, 308, 114 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി സര്‍ക്കാര്‍ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ എസ്.ഐ.ടി (സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) രൂപീകരിച്ചു. എഞ്ചിനീയറിങ് വിദഗ്ധരടക്കം സംഘത്തിലുണ്ടാക്കും.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

ചില യുവാക്കള്‍ പാലത്തിന്റെ കയറില്‍ ചവിട്ടി മറ്റ് ആളുകളെ ഭയപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാലം തകര്‍ന്ന് വീഴുമ്പോള്‍ ഏകദേശം 500 പേര്‍ പാലത്തിനു മുകളിലുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നിരവധി കുട്ടികള്‍ ഉണ്ടായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരുമടക്കം രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന മോര്‍ബി സിവില്‍ ആശുപത്രിയില്‍ കൂട്ടക്കരച്ചിലുകളാണ് ഉയരുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് 1879ല്‍ മച്ഛു നദിക്ക് കുറുകെ നിര്‍മ്മിച്ചതാണ് ഈ പാലം. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് അഞ്ച് ദിവസം മുമ്പാണ് ഇത് ജനത്തിന് തുറന്ന് കൊടുത്തത്. പാലം പുനര്‍നിര്‍മാണത്തിന് മുമ്പ് അധികൃതരില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പല്‍ ബോഡി മേധാവി മാധ്യമങ്ങളോട് വെളിപ്പെടുത്തി.  ദുരന്തം മനുഷ്യ നിര്‍മിതമെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി.

Content Highlight: Gujarat Morbi Bridge Collapse; Death Toll rises

We use cookies to give you the best possible experience. Learn more