| Tuesday, 17th October 2017, 1:23 pm

'ഗുജറാത്ത് മോഡല്‍ വികസനം' എന്ന പരിപ്പ് ഇനി വേവില്ല; എല്ലാം വാചകമടി മാത്രം; രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മെഹ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് മോഡല്‍ വികസനം എന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയിലിറങ്ങി വോട്ട് പിടിക്കാന്‍ ഇനി ബി.ജെ.പിക്ക് സാധിക്കില്ലെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന സുരേഷ് മെഹ്ത. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ ബി.ജെ.പിക്ക് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നര്‍മത പദ്ധതിയും വല്ലഭായ് പട്ടേലിന്റെ പ്രതിമയും പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയും ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള ക്വാട്ടയും എല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ വാഗ്ദാനങ്ങളായിരുന്നു.

എന്നാല്‍ അതൊന്നും പാലിക്കാന്‍ അവര്‍ക്കായിട്ടില്ല. ഗരീബ് കല്യാണ്‍ യോജനയൊക്കെ ഉപേക്ഷിക്കപ്പെട്ട പദ്ധതിയായിക്കഴിഞ്ഞു. പിന്നാക്ക സമുദായക്കാര്‍ക്കുള്ള ക്വാട്ടയും അവഗണിക്കപ്പെട്ട പദ്ധതിയുടെ കൂട്ടത്തിലായി.


Dont Miss അഡ്വ. സി.പി ഉദയഭാനുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്


ഇനി അവര്‍ വികാസ് എന്ന ഓപ്ഷനിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല അവര്‍ക്കുമുന്നില്‍ ഇനി മറ്റ് ഓപ്ഷനൊന്നുമില്ല. ഏറ്റവും അവസാനത്തെ വഴിയാണ് ഇത്. പക്ഷേ അതുകൊണ്ടും കാര്യമില്ല- ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് മെഹ്ത പറയുന്നു.

ഗുജറാത്ത് മോഡല്‍ വികസനം എന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിറ്റുപോകില്ലെന്ന് ബി.ജെ.പി മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗുജറാത്ത് മോഡല്‍ എന്ന് പറയുന്നത് വെറും വാചകമടി മാത്രമാണ്. ഗുജറാത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

2004 ല്‍ സി എ ജി (കമ്പോട്ടലറും ആഡിറ്റര്‍ ജനറലും) ഗുജറാത്തിന്റെ സാമ്പത്തികനിലയെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അന്ന് 4,000 മുതല്‍ 6000 കോടി വരെയായിരുന്നു സംസ്ഥാനത്തിന്റെ കടബാധ്യത.

സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കില്‍ സംസ്ഥാന കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് അന്ന് തന്നെ സി.എ.ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സി.എ.ജിയുടെ നിരീക്ഷണങ്ങളെ സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച ബഡ്ജറ്റ് റിപ്പോര്‍ട്ട് പ്രകാരം ഇന്ന് ഗുജറാത്തിന്റെ കടബാധ്യത 1,98000 കോടി രൂപയാണെന്നും അദ്ദേഹം പ്രതികരിക്കുന്നു.

മോദിക്ക് കീഴിലുള്ള ഇന്നത്തെ ബി.ജെ.പിയും താന്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തുള്ള ബി.ജെ.പിയും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പാര്‍ട്ടി ഇന്ന് ഒരാളുടെ മാത്രം കീഴിലായി. 2002 ല്‍ മോദിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തിന് പിന്നാലെയാണ് ഞാന്‍ പാര്‍ട്ടി വിടുന്നത്. ഗോദ്ര ട്രെയിന്‍ കത്തിച്ചതില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച മോദി ഗോദ്രകലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച് ഒരക്ഷരം പോലും പറയാന്‍ തയ്യാറായിരുന്നില്ല. ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ അങ്ങനെയാരു തരംതിരിവ് നടത്താന്‍ പാടില്ലെന്ന് അന്ന് തന്നെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.- സുരേഷ് മെഹ്ത പറയുന്നു.

എന്നാല്‍ 2002 ലെ വംശഹത്യയില്‍ മോദി നേരിട്ടോ അല്ലാതെയോ പങ്കാളിയാണോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും എങ്കിലും അക്കാര്യത്തില്‍ തനിക്ക് ചില നിരീക്ഷണങ്ങള്‍ ഉണ്ടെന്നും സുരേഷ് മെഹ്ത പറയുന്നു.

We use cookies to give you the best possible experience. Learn more